മുഖം

Tags

,

നമ്മൾ…വളരെ അപകടപരമായ കാലഘട്ടത്തിൽ ആണ്… ചേരിതിരുവുകളും… ധ്രുവീകരണവും.

എന്റെ ചില അനുഭവങ്ങൾ…അത് ഒറ്റപ്പെട്ടവരുടെ നിസ്സഹായത …ഭീതി …ദൈന്യം…

ഓഷ്വിറ്റ്സിലും …കൊസോവോയിലും… തുറുങ്കാലായവരുടെ കഥകൾ…

ഇവർ…പലരും ലോകമഹായുദ്ധങ്ങൾ കണ്ടവർ പറഞ്ഞത്…ഭയപ്പെടുത്തും.

അന്നമാണോ…ജീവൻ ആണോ വിലയേറിയത് എന്ന് നമ്മോട് ചോദിച്ചാൽ, ജീവൻ എന്ന് മിക്കരും പറയും…പക്ഷെ അന്നം ആണ്, ജലം ആണ് വലുത് എന്ന് പറയുന്ന അവസ്ഥയും ഉണ്ട്…ബർമ്മയിൽ ജാപ്പനീസ് പട്ടാളക്കാരുടെ തടവിൽ …എലിയെ തിന്ന് ജീവിക്കേണ്ടി വന്ന രണ്ടാം ലോക മഹായുദ്ധ തടവുകാരെ അറിയാം… അവർ പറഞ്ഞിട്ടുണ്ട്… “ഇറ്റ് ഈസ് നോട്ട് എബൌട്ട് ടേസ്റ്റ്…ഓർ ഹൌ ഇറ്റ് ലൂക്കസ് …ഇറ്റ് ഈസ് എബൌട്ട് സർവൈവൽ എന്ന്…അതായത് സ്വാദോ… രുപമോ അല്ല…പ്രശ്നം…പ്രഹേളിക അതിജീവനം.

ജീവനേക്കാൾ വലുത് അല്പം വറ്റ് …ഇറ്റ്‌ ജലം… വിശപ്പും ദാഹവും മരണത്തെക്കാൾ വേദന ആവുന്ന സന്ദർഭങ്ങൾ.

“എന്നെ കൊന്നോളൂ… അതിന് മുമ്പ് ഇറ്റ് ജലം… ജലത്തിന്റെ നനവ്… നനവിലെ സ്വാദിന്റെ മഴവില്ല് മറന്നിട്ട് ഏറെ നാൾ” … എന്ന് പറയുന്നവർ ഏറെ”

ഒരിക്കൽ ഒരാളെ കണ്ടു…എപ്പോ കാണുമ്പോഴും…മുഖം പർദ്ദ പോലെ എന്തോ ഇട്ട് മറച്ചിരുന്നു… കൊസോവോ റെഫ്യൂജി…പി.ടി.എസ്സ്.ഡി… യുദ്ധത്തിന്റെ മുറിവുകൾ…ഇംഗ്ലീഷ് അറിയില്ല…അല്ലേൽ മുറി ഇംഗ്ലീഷ് …മിക്കപ്പോഴും ട്രാൻസ്ലേറ്റർ ഉണ്ടാവും

ഒരു തവണ ഞാൻ ചോദിച്ചു “ക്യാൻ ഐ സീ യൂവർ ഫേസ് ?”…നിറഞ്ഞു നിന്ന നിസ്സംഗത മുറ്റിയ വാക്കുകൾ ചേർത്ത് അയാൾ മുറി ഇംഗ്ലീഷിൽ ചോദിച്ചു… “റിയിലി ? ” … വേണം എന്ന് ഞാൻ തലയാട്ടി… അയാൾ മുഖം മൂടി മാറ്റി…

മറക്ക് പിന്നിൽ മുഖം എന്ന് പണ്ട് ആരോ വിളിച്ചിരുന്ന എന്തോ ഒന്ന്… ചില ഗർത്തങ്ങൾ… പിന്നെ അയാൾ മുഖം എന്ന് വിളിക്കുന്ന അത് മറച്ചു…എന്നിട്ട് പറഞ്ഞു

“ദാറ്റ് ഹോൾ ഈസ് മൈ നേം…നൗ യൂ ഹാവ് എ ഹോൾ റ്റൂ എ നേം … “… അയാളുടെ മുറി ഇംഗ്ലീഷ് എന്റെ നെഞ്ചിലെ മുറിവായി.

നമ്മുടെ മുഖങ്ങൾ ഒക്കെ ഭാഗ്യം കൊണ്ട് മാത്രം ഇല്ലാതായ യുദ്ധങ്ങളുടെ, ഇല്ലാതായ സ്പർദ്ധയുടെ ഔദാര്യമാണ്…ഉള്ളത് രണ്ട് കണ്ണുകൾ. ആ കണ്ണുകൾ തുറക്കുന്പോൾ മഹാ ഗർത്തങ്ങൾ കാണാൻ ഇടവരാതിരിക്കട്ടെ…ആ കണ്ണുകൾ ഉൾക്കാഴ്ച്ച നൽകട്ടെ.

നാമൊക്കെ പ്രാതലിനും അത്താഴത്തിനും ഇടയിലുള്ള ശബ്ദഘോഷങ്ങൾ ആണ്…പിന്നെ രാത്രിയിലെ അസ്വസ്ഥയും, നിശബ്ദതയും.

നമ്മുടെ നഷ്ടങ്ങൾ ഓംലറ്റിലെ ഉപ്പിന്റെയോ കുരുമുളകുപൊടിയുടെയോ ഏറ്റക്കുറച്ചിലുകൾ.

അതുകൊണ്ട്… ഈ അകൽച്ചകൾ എന്നെ നിരാശനാക്കന്നു…മുഖമില്ലാത്ത…ഗർത്തങ്ങളാവതെ ഇരിക്കട്ടെ ലോകം…ലോകം ഒരു വലിയ കവിളാണ്…അതിൽ അടിക്കണോ,തലോടാണോ…തുപ്പണോ, ചുംബിക്കണോ…എന്ന് നമ്മളാണ് തീരുമാനിക്കേണ്ടത്.

കവിൾത്തടങ്ങളിലെ നനവ്, എന്ന് പരിരക്ഷയുടെ പ്രത്യാശ ആവുന്നുവോ…വെറുപ്പിനെ വെറുക്കുന്നുവോ…അന്ന് നമ്മുടെ ഒക്കെ മനസ്സിൽ “നിലാവിന്റെ നാഴൂരി വെട്ടം” പ്രകാശം പരത്തും

അഗ്രേ പശ്യാമി

Tags

, ,

ഒരിക്കൽ ഗുരുവായൂരിൽ…

അകത്തേക്ക് കയറ്റാത്തതുകൊണ്ട്, മതിലിന് വെളിയിൽ ദാസേട്ടനും,കലാമണ്ഡലം ഹൈദരാലിയും, ഉണ്ണിക്കണ്ണനും “അജിത ഹരേ ജയ”പാടുന്നു.

കൂട്ടത്തിൽ ഞാനും കൂടി…

ആട്ടപ്പാട്ടിന് താളം പിടിക്കുന്പോൾ ഉണ്ണിക്കണ്ണൻ ചോദിച്ചു, “നിന്റെ കൈയ്യിൽ അവൽ ഉണ്ടോ?”

കീശയിൽ ഒരു പിടി അക്ഷര മലരുകൾ കണ്ണീർ തൂകി.

പാട്ടും, താളവും മതിൽക്കെട്ടിന് പുറത്ത് കൊഴുക്കുമ്പോൾ ശ്രീകോവിലിലെ ശൂന്യതയെ നോക്കി അനേകർ നാരായണമന്ത്രം ഉരുവിട്ടു.

പ്രപഞ്ച സത്യങ്ങൾ കഥകളിപ്പദത്തിൽ പെയ്ത് തീർന്നപ്പോൾ, കണ്ണൻ പറഞ്ഞു “നമുക്ക് ഇനി മീൻ തൊട്ടു കൂട്ടാം”…

ഊട്ടുപുരയിൽ നേദ്യച്ചോറ് കാത്തിരുന്നു.

ക്ഷേത്രം വിട്ട ജനപഥം, ക്ഷേത്രത്തിന് വലതു വശത്ത് മേൽക്കൂരയില്ലാത്ത ഗണപതി അന്പലത്തിൽ,
ഗണപതി പൂജ നടത്തി നാളീകേരം ഉടയ്‌ക്കുന്ന തിരക്കിൽ ഞങ്ങളെ ശ്രദ്ധിച്ചില്ല…

പാതയോരത്ത് മുഷിഞ്ഞ വസ്ത്രം ധരിച്ച ഒരു വൃദ്ധബ്രാഹ്മണൻ പാനയിൽ ജ്ഞാനം ചേർക്കുന്നു…

ഊട്ടുപുരയുടെ അടുത്ത് എത്തിയപ്പോൾ ഒന്ന് തിരിഞ്ഞു നോക്കി

ഉണ്ണിക്കണ്ണനേം, ദാസേട്ടനേം, ഹൈദരാലിയേം കാണുന്നില്ല…അവർ എവിടെ എന്ന് കണ്ണുകൾ പരതുന്പോൾ

അതാ, എന്തിലും കണ്ണനെക്കാണുന്ന അവധൂതൻ മുന്നിൽ, ഒരു ചിരിയോടെ…

നീളുന്ന കൈവിരൽ പാതയോരത്തേക്ക് ചൂണ്ടി “നോക്കുക ” എന്ന് ചൊല്ലി മറഞ്ഞു…

പാതവക്കത്ത് നിലത്തിരുന്ന്, ചുറ്റും കുമിയുന്ന മഞ്ഞ വെളിച്ചത്തിന്റെ മറവിൽ ഒരു സ്ത്രീ, ലോകം മറന്ന്
മടിയിലെ കുഞ്ഞിനെ നോക്കി പാടുന്നു.

“കണി കാണും നേരം…”

ഊട്ടുപുരയിൽ അന്നദാനം ആത്മാവിന്റെ ഭാഗം ആയപ്പോൾ,

ഉള്ളിലെ നേദ്യച്ചോറിൽ അറിവ് കിനിഞ്ഞു.

“അഗ്രേ പശ്യാമി തേജോ നിബിഡതരകളായാവലീലോഭനീയം…”

അക്രോപ്പോളിസ്

അയാൾ നടക്കാൻ തുടങ്ങിയിട്ട് ഏതാണ്ട് രണ്ട് മണിക്കൂറുകൾ കഴിഞ്ഞിട്ടുണ്ടാവണം. കൈത്തണ്ടയിലെ വിലകൂടിയ വാച്ചിൽ കുടുങ്ങിയ കാലം, ഏഴ് ഇരുപത്തിരണ്ടിൽ നിന്നും ചലനം വീണ്ടും തുടർന്നു.

ഇനി ഹോട്ടലിലേക്ക്.

വലിയ ശരീരവും വലിച്ച് അങ്ങ് എത്തുന്പോൾ എട്ട് മണിയെങ്കിലും ആവും. പിന്നെ ബാൽക്കണിയിലെ അരണ്ട വെളിച്ചത്തിൽ ഇരുന്ന് വിദ്യുത് പ്രഭയിൽ തിളങ്ങുന്ന അക്രോപോളിസ് നോക്കി ഡിന്നർ…

ഒടുങ്ങാൻ മടിക്കുന്ന വേനൽച്ചൂടിൽ അയാൾ കിതയ്‌ക്കുന്നുണ്ടായിരുന്നു. ആതൻസ് അങ്ങനെയാണ് പകലിന്റെ വിയർപ്പ് സായാഹ്നനങ്ങളിൽ തങ്ങി നിൽക്കും. പ്ളാക്കയിലെ ഏതോ ഒരു വഴിവിളക്കിന്റെ അരണ്ട വെളിച്ചത്തിൽ കോട്ടിന്റെ പോക്കറ്റിൽ നിന്നും അയാൾ വാലറ്റ് പുറത്തെടുത്തു. അതിന്റെ ഉള്ളിലെ ബിസിനസ്സ് കാർഡ്, അയാളോട് പറഞ്ഞു.

“തോമസ്സ് മക്കാർത്തി. സി.ഇ.ഓ, മക്കാർത്തി എന്റർപ്രൈസസ്സ്, ഫിഫ്ത് അവന്യു, ന്യൂയോർക്ക്”.

അയാൾ അതിലൊന്ന് നോക്കി വാലറ്റ് പോക്കറ്റിൽ തിരുകി. വാലറ്റ് അപ്പോൾ പുറത്ത് എടുത്തിട്ട് ഒരു കാര്യവും ഇല്ലെങ്കിലും ചില വിശ്വാസങ്ങളുടെ ഉറപ്പുകൾക്ക് വാലറ്റുകൾ ആവശ്യം ആണ് .

തൊട്ടടുത്ത് ഏതോ പെർഫ്യൂമിന്റെ ഗന്ധം. പിന്നിൽ നനുത്ത വസ്ത്രം ഉരുമ്മുന്ന നേർത്ത ശബ്ദം. തിരിഞ്ഞു നോക്കിയപ്പോൾ രണ്ട് നീലക്കണ്ണുകൾ. കണ്ണുകളിൽ ഉറവപൊട്ടിയ അങ്കലാപ്പ്. അയാൾ ആ പെൺകുട്ടിയെ സൂക്ഷിച്ചു നോക്കി.

ഒരു യവന സുന്ദരി.

വലിയ മുഖവുരയൊന്നും കൂടാതെ തെറ്റില്ലാത്ത ഇംഗ്ലീഷിൽ അവൾ ചോദിച്ചു

“യൂ ? അമേരിക്കൻ ?”. അതെ എന്ന് അയാൾ തലയാട്ടി.

ചുറ്റിലും നടന്നു നീങ്ങുന്ന ജനപഥം. ചിലർ ഒറ്റയ്ക്. ചിലർ കൂട്ടുകാരുമായി സൊറ പറഞ്ഞ്. എത്രയോ പേർ ഇതുപോലെ ഇവിടെ നടന്ന് മറഞ്ഞിട്ടുണ്ടാവണം…സോക്രടീസും…പ്ളേറ്റോയും, അരിസ്റ്റോട്ടിലും…അടിമകളും…ഡെമോസും …അറിയപ്പെടാത്ത അനേകരും.

ഇവിടെവിടെയോ കാലത്തിന്റെ കുത്തൊഴുക്കിൽ ഒഴുക്ക് നഷ്ടപ്പെട്ട എറിഡാനോസ് നദി ഒഴുകിയിട്ടുണ്ടാവണം. വിയർത്ത്, കിതച്ച് വഴിവക്കിൽ തളർന്നവൻ എറിഡാനോസിന്റെ മാറിൽ മുഖം അമർത്തിയിട്ടുണ്ടാവണം .

അറ്റ്‌ലാന്റിക്കിന് മറുകരെ മഹാനഗരത്തിന്റെ മാറിൽ ഹഡ്സൺ ഉറങ്ങാതെ ഒഴുകുന്നുണ്ടാവും.

ഇരുട്ടിന് കനം വെയ്‌ക്കുന്നു, കാറ്റിന് കുളിരും കൂടുന്നു.

വഴിവിളക്കിന്റെ അരണ്ട വെളിച്ചത്തിൽ അവൾ മങ്ങിക്കത്തുന്നത് അല്പനേരം അയാൾ നോക്കി നിന്നു.

“ആൻഡ് യൂ ?.”

“ഐ ആം അരിയാനാ…ഐ ലീവ് ഹിയർ…”

അവൾക്ക് എന്തോ തിരക്കുള്ളതുപോലെ അയാൾക്ക് തോന്നി.

ചൂടും തണുപ്പും കലർന്ന കാറ്റിന്റെ മൊഴി പോലെ അവൾ പറഞ്ഞു “ഐ ക്യാൻ സ്പെൻഡ്‌ ദി നൈറ്റ് വിത്ത് യൂ…ഗിവ് മീ റ്റു തൗസൻഡ് യൂറോസ്സ്…”

അവളുടെ വാക്കുകൾ തണുത്തിരുന്നു … `”ഐ നീഡ് സം മണി …”

വലിയ നീലകണ്ണുകൾ, വിലകൂടിയ വസ്ത്രം, ചെന്പിക്കാൻ മടികാട്ടുന്ന സ്വർണ്ണമുടി. വഴി വെളിച്ചത്തിൽ അവൾ ജ്വലിച്ചു.

അയാൾ പറഞ്ഞു, “ഐ ആം തോമസ്സ് മക്കാർത്തി…കോൾ മീ ടോം…ലെറ്റസ്‌ വോക്ക്…” ഒന്നും പറയാതെ അവൾ, അയാളുടെ തടിച്ച രൂപത്തെ നോക്കിക്കൊണ്ട് നടന്നു.

പഴയ ഫ്‌ളീ മാർക്കറ്റിന്റെ ഏതോ ഒരു ഇടവഴിൽ എപ്പോഴോ, അവരും ഒഴുകി നീങ്ങുന്ന ആൾക്കൂട്ടത്തിന്റെ ഭാഗമായി.

വിലകൂടിയ ഷർട്ടും ട്രൗസറും, ട്രൗസറിനുള്ളിൽ ഒതുങ്ങാൻ മടിക്കുന്ന വയറും കുലുക്കി, അൽപ്പം കിതപ്പോടെ അടുത്ത് നടന്നു നീങ്ങുന്ന ആ അമേരിക്കൻ മദ്ധ്യവയസ്കനെ അവൾ ഇടയ്‌ക്കിടെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു.

നഗരത്തിനപ്പുറം ഒരു കൊച്ച് അപ്പാർട്ട്‌മെന്റിൽ ഒരു കുഞ്ഞു പൂച്ചക്കുട്ടി അവൾക്ക് വേണ്ടി കാത്തിരിക്കുന്നുണ്ടാവും. ഇന്ന് അത് തനിച്ച് ഉറങ്ങട്ടെ.

അവൾക്ക് കൂട്ടിന് ഒരു അമേരിക്കൻ മദ്ധ്യവയസ്കൻ.

എങ്ങും നോക്കാതെ എവിടെയൊക്കെയോ നീന്തി നീങ്ങുന്ന കണ്ണുകളുള്ള ഇയാൾ ആരാണ് ?

അല്പം മാറി അയാളോടൊപ്പം നടക്കുന്ന പെൺകുട്ടിയിൽ നിന്നും ഉള്ള അകലം അയാൾ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. ഏതാനും നിമിഷങ്ങൾക്ക് മുന്പ് ഒറ്റയ്‌ക്ക് ഈ നഗരത്തിലൂടെ. ഇപ്പൊ അറിയാത്ത ഒരു പെൺകുട്ടിക്കൊപ്പം.

അവർക്കും ഈ ആൾക്കൂട്ടത്തിൽ ഒരിടം ഉണ്ട്.

എത്രയോ നാളുകളായി അയാൾ വർഷത്തിൽ ഒരിക്കൽ ഗ്രീസിൽ വരാൻ തുടങ്ങിയിട്ട്. യുറോയ്‌ക്കും മുന്പ് ഡ്രാക്മയുടെ കാലം മുതൽ, അയാൾ ഗ്രീസിന്റെ ഉയർച്ചയും താഴ്ച്ചയും കണ്ടിട്ടുണ്ട്. ഇപ്പോൾ ഇനിയൊരിക്കലും കരകയറാൻ സാദ്ധ്യത ഇല്ലാത്ത കടക്കെണിയും അയാൾ അറിയുന്നു.

ഈ യാത്രകൾക്കിടയിൽ അയാൾ ഗ്രീക്ക് ഭാഷ വായിക്കാനും എഴുതാനും പഠിച്ചു

എന്തിനാണ് വീണ്ടും വീണ്ടും ഗ്രീസിൽ വരുന്നത് ?. ലോകം മുഴുവൻ കറങ്ങിയിട്ടുണ്ടെങ്കിലും ഇവിടെ ?
യാത്രകളുടെ അർത്ഥം തേടൽ ആണോ ജീവിതം ?

എന്ത് വേണമെങ്കിലും ആയിക്കോട്ടെ. പല യാത്രകൾക്കും ഉത്തരങ്ങൾ ഇല്ലല്ലോ അതുപോലെ ഇതും.

ഓരോ തവണ ബിസിനസ്സ് ഉയരുന്പോളും തളരുന്പോളും അയാൾ ആതൻസിൽ എത്തും. ആ വലിയ ഹോട്ടലിലെ ഏറ്റവും മുന്തിയ സ്വീറ്റ് അയാളുടെ സ്വപ്നങ്ങൾക്ക് കുറെ ദിവസങ്ങൾ തണൽ ആകും. പിന്നെ കുറെ ദിവസങ്ങൾ തെരുവിൽ അലഞ്ഞു നടക്കും, കണ്ടത് വീണ്ടും വീണ്ടും കാണും. അപ്പോളയുടെ
അന്പലം, ഡെൽഫി, അങ്ങനെ പലതും. സായാഹ്നങ്ങളിൽ മുറിയുടെ ബാൽക്കണിയിൽ ഇരുന്ന് അക്രോപോളിസ് നോക്കി ഒറ്റയ്‌ക്ക് ഡിന്നർ.

ഇപ്രാവശ്യവും അതു തന്നെ.

പക്ഷെ ഇന്ന് അയാളുടെ സായാഹ്‌ന ഏകാന്തതയ്‌ക്ക് കൂട്ട് ഈ പെണ്ണ് ?.

ഒപ്പം കൂടാൻ വ്യഗ്രത കാട്ടിയ ഇവൾ ആരാണ് ? എന്താണ് അവളെ അടുത്തേക്ക് എത്തിച്ചത് ? എന്തിനാണ് ഇവൾക്ക് രണ്ടായിരം യൂറോ?

എന്തിനിതൊക്കെ അറിയണം. കുറെ യൂറോ നോട്ടുകളുടെ ഒരു രാത്രി അത്ര തന്നെ.

അറ്റ്‌ലാന്റിക്കിനക്കരെ മഹാനഗരിയിൽ അയാളുടെ ആഡംബര പെന്റ്ഹൗസിൽ ഇപ്പൊ ആരുണ്ടാവും ? അയാളുടെ വിലകൂടിയ ഡോബർമാനും, വീട്ട് കാവൽക്കാരനും.

അകലെ ഒഴിഞ്ഞ വീടിന്, ഒഴിഞ്ഞ മനസ്സിന്, ഏകാന്തതയ്‌ക്ക്, നായ കാവൽ.

വഴിവിളക്കുകൾ കത്തിത്തുടങ്ങിയിരുന്നു. വെളിച്ചം അയാളുടെ ചെന്നിയിലെ വിയർപ്പിൽ തിളങ്ങി. നിര നിരയായി നിന്നിരുന്ന ഒലീവ് മരങ്ങളുടെ ഇലകളിൽ വഴിവിളക്കുകളുടെ വെളുപ്പ് കലർന്ന മഞ്ഞ വെട്ടം തങ്ങി നിന്നു

അവൾ അയാളെ സൂക്ഷിച്ചു നോക്കി. ആദ്യമായിക്കാണുന്ന, പരിചയം ഇല്ലാത്ത ഒരമേരിക്കക്കാരന്റെ കൂടെ ഈ നടത്തം. ആകസ്മികതയോ, അനിർവാര്യതയോ ? ഇയാൾ എന്തിന് ഈ തെരുവിൽ തത്രപ്പെട്ട് ഇങ്ങനെ നടക്കുന്നു?.

ജീവിതം താളംതെറ്റിയ നടത്തമാണ് പലർക്കും.

അങ്ങനെ എപ്പോഴോ ഒരു നടത്തത്തിനൊടുവിൽ അവൾ ഒരു സ്‌കൂളിൽ ടീച്ചർ ആയി. പിന്നെ ഒരു രാജ്യം അകപ്പെട്ട കടക്കെണിയിൽ ശ്വാസം മുട്ടി രണ്ടു വർഷങ്ങൾ. അനേക അലഞ്ഞുതിരിയലുകൾ എത്ര എത്ര ജോലികൾ. കുഞ്ഞിൻ നാളുകളിൽ കൈപിടിച്ചു നടത്തിയ വളയിട്ടകയ്യുകൾ ദാരിദ്ര്യം പടരും മുന്പ് ഉടൽ മുഴുവൻ പടർന്ന ഏതോ മഹാമാരിയിൽ അഥീനയുടെ നിശ്വാസമായി മറഞ്ഞു. ഒരനുജത്തി ലഹരിയിൽ മുങ്ങി ശരീരം വിറ്റ് ജീവിതം എരിച്ചു തീർക്കുന്നു. ഇപ്പൊ എന്തൊക്കയോ ഒളിപ്പിച്ച്, ഏതൊക്കെയോ ലക്‌ഷ്യം തേടി നടന്നു നീങ്ങുന്ന ജനപഥത്തിന്റെ ഒഴുക്കിൽ അവളും.

ആ പണം കിട്ടിയിട്ട് വേണം…

ബാഗിൽ ഒരു ഉണർത്തുപാട്ടുപോലെ മൊബൈലിന്റെ ശബ്ദം കേട്ട് അവൾ ഓർമ്മകൾ വിട്ട് തെരുവിലെ ഒഴുക്കിലേക്ക് വീണ്ടും. കുറെ നേരം ആൾക്കൂട്ടത്തിന്റെ ആരവത്തിൽ മുങ്ങി ആ ചിലന്പൽ തുടർന്നു. പിന്നെ പതുക്കെ അത് നിന്നു. അനുജത്തിയാവണം, ലഹരിവിടുന്ന നിമിഷങ്ങളിൽ ഉടലെടുക്കുന്ന ഫോൺ വിളികൾ.

അവൾ ഫോൺ സ്വിച്ച് ഓഫ് ചെയ്തു.

അയാളുടെ വെറുപ്പിന്റെ ഭാഗമായ മൊബൈൽ ഫോണുകൾ എപ്പോഴും പോക്കറ്റിൽ കാണും. അത് അയാൾക്കും അങ്ങകലെ മഹാനഗരിയിലെ ലേലം വിളികൾക്കും ആവശ്യം. പക്ഷെ ഒതുങ്ങിക്കൂടലിന്റെ യാത്രകളിൽ അവ അയാൾ ഒന്നായിച്ചുരുക്കും. മറുലോകത്തിന്റെ പരക്കം പാച്ചലിന്റെ ശബ്ദഘോഷങ്ങൾ കഴിവതും അയാൾ ഒഴിവാക്കും. സ്വർണ്ണഛവിയുള്ള നനുനനുത്ത മുടിയിഴകൾ അയാളുടെ ചിന്തകളിൽ നനവ് പടർത്തി. ഡിസൈനർ ലേബലുള്ള അവളുടെ കൈയ്യിലെ ബാഗും, ധരിച്ചിരിക്കുന്ന വസ്ത്രവും പോലെ അവളും ഒരു ഫേക്ക് ആണോ ?. ഗ്രീസിൽ പെൺകുട്ടികൾ ഡിസൈനർ വസ്തുക്കൾ ഇഷ്ടപ്പെടുന്നു. പണം ഇല്ലെങ്കിൽ ഫേക്ക് സാധനങ്ങൾ വാങ്ങും. ചോദിച്ചാൽ അവർ ചിരിച്ചു കൊണ്ട് പറയും ജീവിതം വലിയ ഒരു നുണയാണ് എന്ന്.

അയാളോടൊപ്പം ഒഴുകുന്ന മണം അയാളോട് പറഞ്ഞു “ഇവൾ തെരുവിൽ മാംസം വിക്കുന്നവൾ അല്ല.”

അവളുടെ കൺകോണുകളിൽ നനവുണ്ടോ ?.

മലമുകളിൽ അക്രോപോളിസിൽ പാർത്ഥിനോണിന്റെ തകർന്ന സ്വപ്നങ്ങളിൽ വിദ്യുത് പ്രകാശം പടരുന്നുണ്ടായിരുന്നു.

എത്രയെത്ര ഗ്രീക്ക് യാത്രകൾ. ഓരോ യാത്രയും അവസ്സാനത്തേത്‌ എന്ന് വിചാരിക്കും, പക്ഷെ…ഇതും ഒടുക്കമില്ലാത്ത യാത്രകളിലെ തുരുന്പെടുക്കാത്ത മറ്റൊരു കണ്ണി ?. പ്രവാചകയുടെ, അപ്പോളോ ദേവന്റെ ഡെൽഫി, ഏജിയൻ കടലിന്റെ കാവൽക്കാരനായി പോസിഡോണിന്റെ അന്പലം…അങ്ങനെ അയാളുടെ തേടലുകളുടെ വഴികളിൽ യവന ദേവന്മാരുടെ കാവൽ, കാലൊച്ചകൾ. കുറച്ചകലെ അക്രോപ്പോളിസിന് താഴെ അഗോറ എന്ന പഴയകാല ഗ്രീക്ക് ചന്ത. അവിടെ പണ്ഡിതനും, പതിതനും യവന ചിന്തകൾക്ക് കാവൽ നിന്നിരുന്നു. എന്നോ ഒരു സായന്തനത്തിൽ അഗോറയുടെ കോണിൽ ഒന്നും അറിയില്ല എന്ന അറിവിൽ അഹങ്കരിച്ചവൻ ഹെംലോക്കിലെ അനാദിയായ അറിവിൽ മറഞ്ഞു.

അന്ന് അവിടെ ആരൊക്കെയുണ്ടായിരുന്നിരിക്കണം ? വഴിപോക്കർ ? ഭ്രാന്തന്മാർ ?പണ്ഡിതർ ?.

മരണം ആരുടെ ചോദ്യത്തിന് ഉത്തരം ആണ് ?

കുറെ നാളുകളായി അരിയാനയുടെ ചിന്തകളിലും മരണം മേഘം പോലെ പടരാൻ തുടങ്ങിയിട്ട്. കൂട്ടുകാരിൽപ്പലരും യൂറോപ്പിലേക്ക് ചേക്കേറി. ദീർഘകാലം അവളുടെ പ്രണയം പങ്കിട്ടവൻ വിട്ടു പിരിഞ്ഞിട്ട് ഒരു വർഷം. പലരും ജീവിതത്തിലെ അർദ്ധവിരാമങ്ങൾ പൂർണ്ണവിരാമങ്ങളാക്കി മൺ മറഞ്ഞു. ചിലർ തെരുവിൽ അവളുടെ അനുജത്തിക്കൊപ്പം. ഇപ്പോൾ അവളുടെ നോവറിയാൻ അപ്പാർട്ട്മെന്റിൽ ആ വെളുത്ത പൂച്ചക്കുട്ടി അവളുടെ കാലുകളിൽ ഉരുമ്മും. അല്ലെങ്കിൽ തന്നെ മുറിവുകളുടെ ആഴം അല്ല പലപ്പോഴും നോവിന്റെ നേര് നിശ്ചയിക്കുക മറിച്ച് മുറിവുകൾ എവിടെ എന്നതാ.

മരണം ആരുടെയൊക്കയോ ഉത്തരം കാക്കുന്ന ചോദ്യം അല്ലെ ?.

അവൾ അവർതമ്മിലുള്ള അകലം നോക്കി നിസ്സംഗതയോടെ അയാളോട് ചോദിച്ചു,

“വീ ഹാവ് ബീൻ വോക്കിങ് ഫോർ സം ടൈം…ആർ യൂ റിയലി ഇന്ററസ്റ്റഡ് ഇൻ മീ ? ഷാൽ ഐ ലീവ് യൂ റ്റു യുവർ വോക്ക് ?”

ചുറ്റിലും വഴി തെറ്റി വരി നിന്ന്, പിന്നെയും ദിശ തെറ്റിയൊഴുകുന്ന ജീവന്റെ കിതപ്പുകൾ.

അയാൾ നനവുള്ള വിടർന്ന നീലക്കണ്ണുകളിൽ നോക്കി കിതപ്പോടെ പറഞ്ഞു.

“എ ബിറ്റ് മോർ…ദെൻ വി വിൽ റീച്ച് ദി ഹോട്ടെൽ…ജസ്റ്റ് എക്രോസ്സ് ദി കോർണർ…പാസ്റ്റ് ദി ടെന്പിൾ ഓഫ് സിയൂസ്.”

ഇവൾ എന്തിനെയോ ഭയക്കുന്നുവോ ?. അല്ലെങ്കിൽ എന്തിനിത്ര തിടുക്കം ?.

കുറച്ച് നാളുകൾ മുന്പ് വരെ ഹഡ്സൺ നദിക്കരയിലെ ആ വലിയ അപ്പാർട്ട്മെന്റിൽ അയാളോടൊപ്പം ഭാര്യയും, മകളും ഉണ്ടായിരുന്നു. അന്ന് ഭാര്യ സിറ്റിയിൽ ഉയർന്ന ജോലി നോക്കിയിരുന്നു. സിറ്റിയിലെ ലേലം വിളികളിൽ മുങ്ങിപ്പോയ മൂന്ന് ജന്മങ്ങൾ.

ജീവിതം തളർന്നു തുടങ്ങിയ എന്നോ അവർ പിരിഞ്ഞു. അന്ന് അവൾ മകളുടെ കൈയും പിടിച്ച് ഇറങ്ങുന്പോൾ പറഞ്ഞു,”യൂ ആർ നോട്ട് ഫിറ്റ് റ്റു ബി എ ഹസ്ബൻഡ്.” അമ്മയുടെ കൈയ്യുകളിൽ തൂങ്ങി ഒരു പത്തുവയസ്സുകാരിയുടെ കണ്ണുകൾ പറഞ്ഞു, “ഡാഡ് യൂ ആർ നോട്ട് ഫിറ്റ് റ്റു ബി എ ഡാഡ്.”

പിന്നെ ഇതുവരെ അവരെ കണ്ടിട്ടും ഇല്ല. അവർ കാണാൻ ശ്രമിച്ചിട്ടും ഇല്ല.

പറ്റിയ തെറ്റ് എന്തെന്ന് ഇപ്പോഴും അയാൾക്ക് അറിയില്ല.

തെറ്റുകൾ പൊഴിഞ്ഞു വീഴുന്ന ഇലകൾ പോലെ, കാലങ്ങൾ അടരുന്നതിനൊപ്പം മനസ്സിൽ കുമിഞ്ഞു കൂടി പതുക്കെ കൂന്പാരം ആവും, ഒടുവിൽ താളം തെറ്റുന്ന ജീവിതത്തിലെ ഒരു തീപ്പൊരി മതി. ആളിക്കത്തി എല്ലാം ഒടുങ്ങാൻ.

അവർ അറിയുന്നുണ്ടാവുമോ, ആരും ജനിക്കുന്നത് ഭർത്താവായോ, ഭാര്യയായോ, അച്ഛനായോ, അമ്മയായോ അല്ല എന്ന് ?. കണ്ടറിവുകളിലൂടെ, കൊച്ചുകൊച്ചു തെറ്റുകളിലൂടെ, ശരികൾ കണ്ടെത്തി നാമൊക്കെ അച്ഛനായും അമ്മയായും വളരുകയാണ് എന്ന് ?.

വഴിയോരത്ത് ഒലീവിലകളിൽ തങ്ങി നിനിന്നുരുന്ന വെട്ടം മണ്ണിലേക്ക് വീഴുന്നുണ്ടായിരുന്നു.

കുറച്ചകലെ സീയൂസിന്റെ അന്പലം. അതോ ഹെഡ്രിയന്റെ അമരത്വത്തിന് സീയൂസിന്റെ ഓർമ്മക്കുറിപ്പോ ?. രണ്ട് വലിയ സംസ്കാരങ്ങളുടെ അവശിഷ്ടങ്ങൾ അവരുടെ അരികിൽ വലിയ തിമിംഗലങ്ങളുടെ അസ്ഥിപഞ്ചരം പോലെ ചിതറിക്കിടക്കുന്നു. എന്തുകൊണ്ടാണ് പല വലിയ സംസ്കാരങ്ങളും പരാജയപ്പെടുന്നത് ?

ചരിത്രത്തിന് നാവ് കൊടുത്ത, അക്ഷരങ്ങൾക്ക് ജീവൻ കൊടുത്ത ഈ സംസ്കാരം എങ്ങനെ മൺ മറഞ്ഞു ?

മനുഷ്യനെപ്പോലെ തന്നെ സംസ്കാരങ്ങൾക്കും ആയുസ്സിന് അറുതി ഉണ്ടാവണം. അതോ മനുഷ്യനെപ്പോലെ സംസ്‌കാരങ്ങളും ജീവിച്ചു മടുക്കുന്പോൾ ആത്മഹത്യ ചെയ്യൂമോ ?.

അവർ ഹോട്ടലിലേക്ക് നടത്തം തുടർന്നു.

വഴിയിൽ വിളക്കുകൾ വെളിച്ചം വെയ്‌ക്കുന്നു. നിരയായി നിൽക്കുന്ന ഒലീവ് മരങ്ങൾക്ക് ചുറ്റും മഞ്ഞത്തിളക്കം.ഒലിവ് മരങ്ങൾ അഥീന ദേവി പാറയിൽ കുന്തം കൊണ്ട് കുത്തി മുളപ്പിച്ചതാണത്രേ. അന്നൊക്കെ ദൈവങ്ങൾ ആതൻസിന്റെ തെരുവുകളിൽ അലഞ്ഞു തിരിഞ്ഞിട്ടുണ്ടാവും. പക്ഷെ അരിയാനയുടെ മുത്തശ്ശി പറയുമായിരുന്നു, ഒലീവ് മരങ്ങൾ പുരാതന ഗ്രീക്ക് ചിന്തകരുടെ പുനർജന്മമാണെന്ന്. അവരുടെ ചിന്തകൾ ആണത്രേ ഒലീവിന്റെ കായ്‌കൾ.

കാറ്റിന് തണുപ്പ് ഏറിവന്നു.

തണുത്ത കാറ്റ് അവരെ ഹോട്ടലിന്റെ വാതിൽക്കൽ എത്തിച്ചു…ഗ്രാൻഡ് ബ്രിട്ടാനിയ.

തണുത്ത കാറ്റേറ്റ് അവൾ ഒന്ന് ഞെട്ടിയോ?.

“വെൽക്കം ബാക്ക് സർ…ഹോപ്പ് യൂ എൻജോയ്‌ഡ്‌ യുവർ വാക്ക് .”

ഊത്ത നിറമുള്ള കോട്ടിട്ട് വെളുക്കെ ചരിച്ച് ആ വലിയ ഹോട്ടലിന്റെ വാതിൽ തുറന്ന് ചെറുപ്പക്കാർ ബെൽ ബോയ്.

അയാൾക്ക് പിന്നാലെ അവളും ഹോട്ടലിനുള്ളിലേക്ക് കയറി. ആഡംബരം എന്ന വാക്കിനെ അതിശയിപ്പിക്കുന്ന വലിയ ലോബി, അവിടെ റിസപ്‌ഷനിൽ നിന്നും അയാളുടെ സ്യുട്ടിന്റെ താക്കോലും വാങ്ങി അയാളുടെ ബറ്റലർ അവരെ അഞ്ചാംനിലയിലെ റോയൽ സ്യുട്ടിലേക്ക് നയിച്ചു.

അരിയാന സ്വപ്നലോകത്തിലായിരുന്നു.

സാധാരണ ഗ്രീക്കുകാർക്ക് അപ്രാപ്യമായ ആഡംബരം. മുറിയുടെ കതക് തുറന്ന് നാല് മുറികളുള്ള ആ വലിയ സ്യുട്ടിലേക്ക് അവർ കയറി. ബറ്റ്‌ലർ അരിയാനയെ ശ്രദ്ധിക്കാതെ അയാളോട് പറഞ്ഞു, “സർ യുവർ ഷാമ്പെയ്ൻ ഈസ് ഇൻ ദി ഡ്രോയിങ് റൂം…ആൻഡ് യുവർ ഡിന്നർ വിൽ ബി റെഡി അറ്റ് യുവർ കൺവീനിയൻസ് …ആൻഡ് വെൻ വുഡ് യു ലൈക് റ്റു ഹാവ് ഇറ്റ് സർ ?”

അയാൾ ഡ്രോയിങ് റൂമിലേക്ക് നടക്കുന്നതിനിടയിൽ പറഞ്ഞു. “ഇൻ ആൻ ഔവർ…ആൻഡ് ബ്രിങ്ങ് ദാറ്റ് റ്റു ദി ബാൽക്കണി.”

ബറ്റ്‌ലർ അയാൾക്ക് ഗുഡ് ഈവനിങ്ങ് പറഞ്ഞ് മുറിക്ക് വെളിയിലേക്ക് നടന്നു.

അവൾ അയാൾക്ക് പിന്നാലെ ആ വലിയ ഡ്രോയിങ് റൂമിലേക്കും. അവിടെ ചെറിയ സ്റ്റീൽ ബക്കറ്റിൽ ഐസിൽ പൊതിഞ്ഞ ബോളിംഗർ.

അവൾ കഴിഞ്ഞ മുക്കാൽ മണിക്കൂറോളം ആ അമേരിക്കൻ മദ്ധ്യവയസ്കന്റെ ഒപ്പം നടന്നു എന്നതല്ലാതെ അയാളെക്കുറിച്ച് ഒന്നും തന്നെ ചോദിച്ചറിയാൻ കഴിഞ്ഞിട്ടില്ല. അയാൾ ധനികൻ ആവണം എന്ന് തോന്നിയിരുന്നു. പക്ഷെ ഇത്ര ധനികൻ ആണെന്ന് പ്രതീക്ഷിച്ചില്ല. അല്ലെങ്കിൽ എങ്ങനെയാ ആതൻസിലെ ഏറ്റവും മുന്തിയ ഹോട്ടലിലെ ഏറ്റവും മുന്തിയ ഈ മുറി. പണ്ട് ആതൻസ് യൂണിവേഴ്‌സിറ്റിയിൽ ഹിസ്റ്ററി പഠിക്കുന്പോൾ ഈ ഹോട്ടലിന്റെ മുന്നിലുള്ള സിന്റാഗ്മ സ്‌ക്വയറിൽ കൂട്ടുകാർക്കൊപ്പം അവൾ കറങ്ങാറുണ്ടായിരുന്നു. അപ്പോഴൊക്കെ അവൾ കൂട്ടുകാരോട് പറയുമായിരുന്നു, ആ വലിയ ഹോട്ടലിന്റെ ബാൽക്കണിയിലെ അരണ്ട വെളിച്ചത്തിൽ ഇരുന്ന് വൈൻ മൊത്തി അക്രോപ്പോളിസിലെ അഥീനയെ തിരയണം.

അങ്ങനെ ചില സ്വപ്നങ്ങൾ എല്ലാവർക്കും ഉണ്ടാവും. ഉണർന്നിരിക്കുന്പോൾ കാണാൻ. ഇന്ന് ഈ അമേരിക്കക്കാരൻ മദ്ധ്യവയസ്കനൊപ്പം…

ഈ അടുത്തായി അവൾ ആ പഴയ സ്വപ്നം പൊടിതട്ടി പുറത്തെടുക്കാറുണ്ടായിരുന്നു…അതെ ഈ ഹോട്ടലിന്റെ ഒരു മുറിയുടെ ബാൽക്കണിയിൽ…അവളും, ഷാംപെയ്‌നും, അല്പം ഏകാന്തതയും, അകലെ അക്രോപോളിസും,പൊലിഞ്ഞ സ്വപ്നങ്ങളും,പിന്നെ…

ആ രണ്ടായിരം യൂറോ കിട്ടിയിട്ട് വേണം…

മുറിയിലെ മേൽച്ചുമരിലേക്ക് ഷാംപെയിൻ കോർക്ക് തെറിച്ചുയർന്നു. ബോളിംഗർ ഗ്ളാസുകളിൽ നുരഞ്ഞു പൊന്തി.

അയാൾ ഷാമ്പെയിൻ ഗ്ലാസ്സും എടുത്ത് ബാൽക്കണിയിലേക്ക് നടന്നു. അവൾ ആ ഡ്രോയിങ്ങ് റൂം അത്ഭുതത്തോടെ കാണുക ആയിരുന്നു.

സ്വർണ്ണം പിടിപ്പിച്ച കൊത്തുപണികൾ, വലിയ കസേരകൾ, വർണ്ണം വാരിവിതറിയ നനുത്ത സോഫ, ഒരു വലിയ പിയാനോ.

അവൾ മേശമേൽ ഇരുന്ന ഗ്ളാസ്സിൽ ഷാമ്പെയ്ൻ നിറച്ച്, നുരഞ്ഞു പൊന്തുന്ന ഷാമ്പെയ്‌നിൽ മുത്തം ഇട്ടു.

അപ്പോഴാണ് ശ്രദ്ധിച്ചത് ആ മേശയുടെ ഡ്രോയിൽ ഒരു താക്കോൽ. യാന്ത്രികമായി അവൾ ആ മേശ വലിപ്പ് തുറന്നു. അതിനുള്ളിൽ ഒരു കടലാസ്. അതിൽ എഴുതിയിരുന്ന അക്ഷരങ്ങൾ അവളുടെ കൈകളിൽ വിറകൊണ്ടു.

“ഡിയർ ആതൻസ് , ദിസ് ഈസ് മൈ ലാസ്റ്റ്‌ ജേർണി…ഐ വാണ്ട് റ്റു റസ്റ്റ് ഹിയർ ഫോർ എവർ…വൺ ഓഫ് ദീസ് നൈറ്റ്സ് ഐ വിൽ വാച്ച് പാർഥിനോൺ … ഫ്രം ദി ബാൽക്കണി ഓഫ് മൈ റൂം… ഗ്ലോയിങ്ങ് ഗ്ലോറി ഓഫ് യുവർ യെസ്റ്റർ ഇയേഴ്സ്സ്‌ … ദെൻ ഐ ഷാൽ എൻഡ് ഇറ്റ് ആൾ…”

ആ കുറിപ്പ് നിറയെ അയാളുടെ ജീവിത പരാജയങ്ങളുടെ കണക്കുകൾ…ലേലം വിളികളിലെ പിഴവുകൾ…അനേക കോടികളുടെ കടം…ഒറ്റപ്പെടലുകൾ

അവൾ ഒരു സ്വാപ്നാടകയെപ്പോലെ ആ ബാൽക്കണിയിലേക്ക് നടന്നു…അവിടെ അയാൾ അക്രൊപ്പോളിസ്സ് നോക്കി നിൽക്കുന്നു.

അയാൾ അവളെ ശ്രദ്ധിച്ചു…അവളുടെ കൈയ്യിൽ അയാളുടെ കുറിപ്പ്.

അയാൾ പകച്ചു പോയി. അയാളുടെ നെഞ്ചിടിപ്പുകൾ ആ മരണക്കുറിപ്പിലെ അക്ഷരങ്ങൾ. അവളുടെ അടുത്ത് ചെന്ന് കൈകളിൽ നിന്നും കുറുപ്പ് വാങ്ങി,എന്നിട്ട് ഏതാണ്ട് ഒരു മണിക്കൂറിന് മുന്പ് കണ്ട ആ പെൺകുട്ടിയെ കെട്ടിപിടിച്ച് കവിളത്ത് അമർത്തി ചുംബിച്ചു. അവളുടെ കവിളിലൂടെ അയാളുടെ കണ്ണുനീർ ധാര ധാരയായി ഒഴുകി. അവൾ അയാളുടെ തലമുടിയിഴകളിൽ കൈവിരൽ ഒടിച്ചു കൊണ്ടിരുന്നു.

അയാൾ പൊട്ടി പൊട്ടി കരയുവാൻ തുടങ്ങി…അറ്റലാന്റിക് സമുദ്രം കടന്ന് ആ ഹോട്ടൽ മുറിയിൽ ഒരു ഉരുൾപൊട്ടൽ ഉടലെടുക്കുകയായിരുന്നു.

ഒരുൾവിളിയിൽ അവൾ ഹാൻഡ് ബാഗ് തുറന്ന് ഒരു കുറിപ്പ് എടുത്ത് അയാളുടെ കൈയ്യിൽ കൊടുത്തു.

കണ്ണുകളിലെ നനവിൽ മങ്ങിയ ഗ്രീക്ക് വാക്കുകളിൽ മരണക്കുറിപ്പ്…അവിടെ ഒരാത്മാവിന്റെ നഷ്ടങ്ങളുടെ അവശിഷ്ടങ്ങൾ അക്ഷരങ്ങളുടെ തേങ്ങലായി ചിതറിക്കിടന്നു. അമ്മ, അനുജത്തി, കൂട്ടുകാരൻ, ജോലി. പിന്നെ എല്ലാം നഷ്ടപ്പെട്ട, അല്ലെങ്കിൽ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ഒരു ജനതയുടെ രോദനം. അവൾക്ക് ചുറ്റും കുമിഞ്ഞു കൂടിയ അവശിഷ്ടങ്ങളുടെ കൂന്പാരങ്ങളിൽ നിന്നും മോക്ഷം തേടണം. രണ്ടായിരം യൂറോ എങ്ങനെയെങ്കിലും സന്പാദിച്ച് ആ വലിയ ഹോട്ടലിൽ അതുപോലെ ഒരു മുറിയുടെ ബാൽക്കണിയിൽ ഇരുന്ന് ഷാപെയ്ൻ മൊത്തി അക്രോപ്പോളിസ് നോക്കി ഉറക്കഗുളികകളിൽ അഭയം തേടി ഒരു യാത്രയുടെ ഒടുക്കം കാണണം.

അവളുടെ കവിളുകളിൽ എറിഡാനോസ് വീണ്ടും ഉറവപൊട്ടുന്നത് അയാൾ കണ്ടു. നദിയുടെ ഒഴുക്കിൽ ജനന മരണങ്ങൾ പുണ്യം തേടി. അവിടെ തളം കെട്ടിയ വിതുന്പലുകളിൽ അവർ അറിഞ്ഞു, എല്ലാ ജനനവും മരണത്തിന്റെ ജനനം തന്നെ.

ആ ഹോട്ടൽ മുറിയിൽ, മണിക്കൂറുകളുടെ പരിചയം മാത്രമുള്ള രണ്ട് ജന്മങ്ങൾ മരണം പുൽകാൻ എത്തിയത് എന്ത് നിയോഗമായാണ് ?.

വെളിപാടുകളുടെ ഘോഷയാത്രകളിൽ അവർ രണ്ടു പേരും അഗോറയിലെ തത്വജ്ഞാനങ്ങളുടെ ഭാഗം ആയി. അവരുടെ മുറിവുകളിൽ നോവുകൾ കൂട്ടം തെറ്റി. രണ്ട് ജന്മങ്ങൾ ആ മുറിയിൽ കുമിഞ്ഞു കൂടിയ നോവുകൾ നൊന്തു തീർത്തു. അവർ മുറിവുകളെ നൊന്പരങ്ങൾ കൊണ്ട് തുന്നിച്ചേർത്തു. യുഗങ്ങളെക്കാൾ വലുതായ നിമിഷങ്ങളിൽ നൊന്പരങ്ങൾ അവരുടെ മുറിവുകൾക്ക് അർത്ഥം കൊടുത്തത് അഗോറയുടെ കാവൽക്കാർ അറിഞ്ഞിട്ടുണ്ടാവണം.

എപ്പോഴോ നദിയുടെ വേദന ഒടുങ്ങിയപ്പോൾ അവൾ അയാളുടെ കാതിൽ മന്ത്രിച്ചു.

“ലൈഫ് ഈസ് ഫോർ ലിവിങ്ങ്…ലെറ്റസ്സ് ലിവ്…ടോം ക്യാൻ യൂ പുട്ട് സം മ്യൂസിക്ക്.”

ഡ്രോയിങ്ങ് റൂമിലെ സ്റ്റീരിയോയിൽ നിന്നും പവറോട്ടിയുടെ “നൺ ഷാൽ സ്ലീപ്പ്” എന്ന ഓപ്പറയുടെ ട്യൂൺ അവിടെ മുഴുവൻ ഒഴുകിയെത്തി.

അവർ അന്യോന്യം ചേർത്തു പിടിച്ച് കൈകളിൽ ഷാമ്പെയിൻ ഗ്ളാസുകളുമായി പാട്ടിന്റെ താളത്തിനൊപ്പം ചുവട് വെച്ച് ബാൽക്കണിയിലേക്ക് നടന്നു.

മലമുകളിൽ പാർത്ഥിനോൺ നിന്ന് ജ്വലിക്കുന്നു. താഴെ തെരുവിലെ ഒലീവ് മരങ്ങളിൽ അരിയാനയുടെ മുത്തശ്ശിയുടെ പ്രവചനങ്ങൾ ഇലകളായി. തിരക്കൊഴിയാത്ത പാതയുടെ ഇരുവശത്തും തണുത്ത കാറ്റേറ്റ് വിറക്കുന്ന ഏതോ ഒലീവ് മരത്തിലെ ഒരു മഞ്ഞ ഇല മണ്ണിനോട് പറഞ്ഞു.

“നമുക്ക് ഇടയിലെ ദൂരം എന്റെ നിറം മാറ്റങ്ങളിൽ ഇല്ലാതാവുന്നു. ഞാൻ ഞെട്ടറ്റ് നിന്നിലേക്ക്, മറവിയിലേക്ക്. പിന്നെ നാളയുടെ തളിരുകളായി വീണ്ടും.”

എ.ടി.എം

Tags

,

“ലാസറെ എം.ജി റോഡിലെ സ്റ്റേറ്റ് ബാങ്ക് എ.ടി എമ്മിന്റെ താക്കോൽ നിന്നെ ഞാൻ ഏൽപ്പിക്കുന്നു. വൈകിട്ട് ആറര ആകുന്പോൾ നീ താക്കോൽ ഇവിടെ കൊണ്ട് തരണം. എല്ലാ ഞായറാഴ്ച്ചയും നിനക്ക് അവധി.”

കുറെ വർഷങ്ങൾക്ക് മുന്പ് സെക്യൂരിറ്റി കന്പനിയുടെ മാനേജർ, ആ കഷണ്ടിത്തലയൻ തടിയൻ പത്രോസ്സ് ചേട്ടൻ, ശരീരം മുഴുവൻ ഒഴുകി ഇറങ്ങുന്ന ളോഹപോലെയുള്ള കുപ്പായത്തിനുള്ളിൽ നിന്ന് ലാസറിനോട് അങ്ങനെ പറഞ്ഞ് താക്കോൽ ഏൽപ്പിച്ചത് ലാസറിന് ഇപ്പോഴും നല്ല ഓർമ്മയാണ്.

ലാസർ അങ്ങനെ ആ എ.ടി.എമ്മിന്റെ സൂക്ഷിപ്പുകാരനായി.

അന്നൊക്കെ എം.ജി. റോഡിലെ കാലചക്രത്തിൽ എ.ടി.എമ്മുകൾ കാലുകൾ വെച്ച് തുടങ്ങിയിട്ടേ ഉണ്ടായിരുന്നുള്ളു. നോട്ടുകൾ തുപ്പുന്ന യന്ത്രം കാണാൻ വരുന്ന ജനം തെരുവിന്റെ ആവേശം ആയിരുന്നു. ചിലർ ആ കൺകെട്ട് വിദ്യ കാണാൻ രാവിലെ പൊതിച്ചോറുമായി ഇറങ്ങിയിരുന്നുവത്രെ. ഉൾനാടൻ ഗ്രാമങ്ങളിൽനിന്നും സ്‌കൂൾ കുട്ടികൾ അദ്ധ്യാപകർക്കൊപ്പം പിക്‌നിക്കായി പല എ.ടി.എമ്മുകൾക്ക് ചുറ്റും നിര നിരയായി നിൽക്കാറുണ്ടായിരുന്നു. യന്ത്രത്തിൽ നിന്നും നോട്ടുവാങ്ങി നടന്നകലുന്ന ഭാഗ്യവാന്മാരെ അവർ ആദരവോടെയും അസൂയയോടെയും നോക്കിയിരുന്നു.

പത്രോസ്സ് പറഞ്ഞ അവസാനത്തെ വാചകം അയാൾ പലപ്പോഴും ഓർക്കാറുണ്ട്.

“ലാസറേ, നിന്നെപ്പോലെ നീ നിന്റെ എ.ടി.എമ്മിനേം സ്നേഹിക്കുക.”

ലാസറിന് അടുത്ത ബന്ധുക്കൾ ആരും ഉണ്ടായിരുന്നില്ല. ചെറുപ്പത്തിലേ അപ്പനേം അമ്മച്ചിയേം നഷ്ടപ്പെട്ട ലാസാറിനേം രണ്ട് സഹോദരികളേം വളർത്തിയത് വകയിലെ ഒരു ഉപ്പാപ്പന്റെ കുടുംബം ആയിരുന്നു.

എന്ന് പറഞ്ഞാൽ ഉപ്പാപ്പന്റെ വീട്ടുപണിയും, പറന്പിലെ വേലയും ചെയ്യാൻ മൂന്ന് കൈയ്യാളുകൾ. മാത്രമല്ല ഉപ്പാപ്പന്റെയും ഭാര്യായുടേം മക്കളുടേം തല്ല് വാങ്ങുക, അവർ ചട്ടുകം പഴുപ്പിച്ച് കൊണ്ടുവരുന്പോൾ പൃഷ്ഠം കാട്ടിക്കൊടുക്ക എന്നീ കർമ്മങ്ങളും അവരുടെ ജീവിതചര്യയുടെ ഭാഗം ആയിരുന്നു. ഉപ്പാപ്പനും കുടുംബവും സത്യക്രിസ്ത്യാനികൾ ആയിരുന്നു. പക്ഷെ ഞായറാഴ്ച്ച പള്ളിയിൽ കുന്പസാരിക്കുന്പോൾ ഒരിക്കൽപോലും ലാസറിന്റേം പെങ്ങമ്മാരുടേം ദൈന്യം അവരുടെ ശരി തെറ്റുകളുടെ നേർച്ചപ്പെട്ടികളിൽ കുടുങ്ങാറില്ലായിരുന്നു.

പ്രായപൂർത്തി എത്തിയപ്പോൾ സഹോദരികൾ മാർത്തയും മേരിയും വീട് വിട്ട് എവിടേക്കോ ഒളിച്ചോടി. പിന്നെ ആരും കണ്ടിട്ടില്ല, ആരും കാണാൻ ഒട്ട് ശ്രമിച്ചിട്ടും ഇല്ല. എസ്‌.എസ്.എൽ.സി. കഴിഞ്ഞ് രണ്ട് വര്ഷം കൂടി കഴിഞ്ഞപ്പോൾ ലാസർ പട്ടാളത്തിൽ ചേർന്നു. പട്ടാളത്തിൽ ചേർന്നത് കൊണ്ട് ലാസർ അതിർത്തി കാക്കാൻ പഠിച്ചു എന്നതിലുപരി നന്നായി മദ്യപിക്കാനും, പുക വലിക്കാനും പഠിച്ചു എന്നതാണ് സത്യം. ഇടയ്‌ക്ക് മിലിട്ടറി അറിയാതെ കഞ്ചാവും വലിച്ചു. എപ്പോഴോ ലാസർ കുറച്ച് ഇംഗ്ലീഷ് വായിക്കാനും എഴുതാനും പഠിച്ചു. കുടിക്കാൻ കിട്ടിയില്ലേലും മുന്തിയ സ്കോച്ചുകളുടെ പേരെങ്കിലും വായിക്കാമല്ലോ.

അയാൾ അവധിക്ക് നാട്ടിൽ വരുന്പോൾ ഉപ്പാപ്പന്റെ കൂടെ കൂടും. കുടിക്കാൻ കൂട്ട്, അത്രേ ഉള്ളു.

മദ്യം തലയ്‌ക്ക് പിടിക്കുന്പോൾ ഉപ്പാപ്പൻ പറയും, “ലാസറെ നീ പുണ്യാളനാണടാ. നിന്റെ ചന്തിയിൽ ഞാൻ ചട്ടുകം വെച്ച്‌ ഉണ്ടാക്കിയ പാടുകൾ മറന്ന് എന്നെ കള്ളിൽ മാമോദീസ മുക്കിയ നീ, എനിക്ക് ഔസേപ്പ് പുണ്യവാളനെ…”

കുഴയുന്ന വാക്കുകളിൽ, ഒരിക്കൽ പോലും മുഴുമിപ്പിക്കാത്ത ഈ പുകഴ്‌ത്തലുകൾ ഓരോ ഛർദ്ദിയിൽ ആണ് സാധാരണ അവസാനിക്കുക.

രാജ്യത്തിന്റെ അതിര് കാത്ത് മുപ്പതോളം വർഷങ്ങൾ. ഒടുവിൽ പ്രൊമോഷൻ കിട്ടി നായിക്ക് ആയാണ് ലാസർ പെൻഷൻ പറ്റിയത്.

ഇതിനിടയിൽ ലാസർ വ്യഭിചരിച്ചു. പലരോടൊപ്പം കിടക്ക പങ്കിട്ടു. പക്ഷെ കെട്ടാൻ മറന്നു. അത് ഒരു വലിയ നഷ്ടമായിട്ട് ലാസറിന് തോന്നിയിട്ടും ഇല്ല. ലാസർ പട്ടാളത്തിലെ കൂട്ടുകാരോട് പറയാറുണ്ടായിരുന്നു: “കെട്ടാത്തത് നല്ലതാ, മെത്തകൾ എപ്പോഴും പുതുമയുള്ളത്.”

പെൻഷൻ പറ്റി പിരിയുന്പോൾ ലാസറിന് ഇടവഴിയിൽ കണ്ടാൽ ഒന്ന് ചിരിക്കാനോ, വല്ലപ്പോഴും കത്തുകൾ അയക്കാനോ സുഹൃത്തുക്കൾ ഉണ്ടായിരുന്നില്ല. ലാസർ നാട്ടിൽ വന്ന് കുടിയും പുകയും വ്യഭിചാരവും ദിനചര്യയാക്കി, പെരിയാറിന്റെ കരയിൽ ജീവിതം മറ്റൊരൊഴുക്കാക്കി തുടർന്നു. അങ്ങനെയിരിക്കെ, നല്ലപോലെ മദ്യപിച്ച ഒരുനാൾ, ലാസർ ഉപ്പാപ്പനെ തല്ലി. മൂക്കിന്റെ പാലം പാളം തെറ്റിയപ്പോൾ ഉപ്പാപ്പൻ ലാസറിനെ വീട്ടിൽ നിന്നും ഇറക്കി വിട്ടു.

“ലാസറേ നീ വേറെ ഇടം തേടുക. ഞാൻ നിൻറെ ജീവന്റെ താക്കോൽ സൂക്ഷിപ്പുകാരനല്ല. നിനക്ക് ആകാശം മേൽക്കൂരയും, മണ്ണ് മെത്തയും.”

ലാസർ തെരുവിലൂടെ കൂട് തേടി പറന്നു. പകൽ കള്ള് ഷാപ്പുകൾ മേൽക്കൂരയായപ്പോൾ രാത്രിയിൽ കടത്തിണ്ണകൾ മെത്തയായി. ഒടുവിൽ ലാസർ കൊച്ചിയിലെ നോർത്ത് റെയിൽവേ സ്റ്റേഷന് അടുത്തുള്ള ഒരു കൂരയിലേക്ക് താമസം മാറ്റി. ഷാപ്പിലും ഷോപ്പിലും എത്തിപ്പെടാൻ ഒരു പഴയ ഹീറോ സൈക്കിളും. പുറന്പോക്കിൽ കൂരയുണ്ടാക്കി ചേക്കേറാൻ ലാസർ ചേരിയിലെ വലിയ പക്ഷികളോടൊന്നും അനുവാദം ചോദിച്ചില്ല. ചോദിക്കാൻ വന്ന ചേരിയിലെ കഴുകന്മാർ ലാസറിന്റെ നീളവും, വണ്ണവും, നര വീണതെങ്കിലും കഠാര പോലെ അറ്റം കൂർത്ത മീശയും കണ്ട് തൃപ്പ്‌തിപ്പെട്ട് ചേരിയിലെ കുഞ്ഞി പക്ഷികളോട് പറഞ്ഞു:

“അല്ലേലും അതിര് കാത്തവനല്ലേ, ഇവിടെ കഴിയട്ടെ, നമ്മുടെ അതിരുകൾക്കും ഒരു ബലം ഒക്കെ വേണ്ടേ.”

അങ്ങനെ റെയിൽവേ പാളത്തിന്റെ ഓരത്ത് ലാസർ വ്യഭിചരിച്ചും, കള്ള് കുടിച്ചും, പുകച്ചും
ജീവിതം വെഞ്ചരിച്ചു.

ദിവസങ്ങൾ കൊഴിയുന്നതനുസരിച്ച് ലാസറിന് പണത്തിന് ബുദ്ധിമുട്ടും കൂടി. മിലിട്ടറി മദ്യവും പെൻഷനും കൊണ്ട് ലാസറിന് ഒരാഴ്ച്ച കഷ്ടിച്ചു കഴിക്കാം.

അന്ന് ഒരു ഞായറാഴ്ച്ച. തലേന്നത്തെ കള്ളിന്റെ കെട്ട് വിടാതെ ലാസർ കട്ടിലിൽ ചുരുണ്ട് കിടക്കുന്പോൾ കതകിന് ആരോ തട്ടുന്നു. കതക് തുറന്ന് നോക്കിയപ്പോൾ അയലത്തെ യോഹന്നാൻ ചേട്ടൻ. ലാസറിനോട് അല്പമെങ്കിലും സ്നേഹമുള്ള, നഗരത്തിലെ വലിയ തുണിക്കടയിൽ തുണി എടുത്തുകൊടുക്കുന്ന അയൽക്കാരൻ.

“ലാസറെ, നീ രണ്ട് ദിവസം മുന്പ് ചോദിച്ചില്ലേ… ഒരു ജോലി തരപ്പെടുമോന്ന്… നിനക്ക് ഇഷ്ടമാണേൽ ആ പത്രോസ് ചേട്ടനെ ഒന്ന് പോയിക്കാണ്… അവരുടെ കന്പനിക്ക് സെക്കൂരിറ്റിക്കാരെ ആവശ്യമുണ്ടെന്ന് കേട്ടു.”

യോഹന്നാൻ വാതിലിനപ്പുറം സൂര്യ പ്രഭയിൽ തിളങ്ങി. അയാൾ തിരിഞ്ഞ് നടക്കും മുന്പ് ലാസറിനോട് പറഞ്ഞു: “നിനക്ക് വേണമെങ്കിൽ മാത്രം. പിന്നെ കുടി കുറക്കേണ്ടി വരും.”

പിറ്റേന്ന് ലാസർ കലൂരിൽ ചെന്ന് പത്രോസ് ചേട്ടന്റെ കൈയ്യിൽ നിന്നും എ.ടി.എമ്മിന്റെ താക്കോൽ വാങ്ങി പണം തുപ്പുന്ന യന്ത്രത്തിന്റെ കാവൽക്കാരനായി.

റോഡിനോട് ചേർന്നുള്ള കടകളുടെ ഓരംപറ്റി പറ്റി ആ എ.ടി.എം.

ആദ്യമൊക്കെ ലാസറിന് ജോലി പള്ളിയിലെ ഞായറാഴ്ച്ച ശുശ്രൂഷ പോലെ ആയിരുന്നു.

ശുദ്ധ ബോറ്.

എ.ടി.എം ബൂത്തിന് വെളിയിൽ കറുത്ത പാന്റും നീല ഷർട്ടും ഒരു കുറുവടിയും പിടിച്ച് വെയിൽ കൊണ്ട് ഒരു ചുവന്ന പ്ലാസ്റ്റിക് കസേരയിൽ കുത്തിയിരിക്കണം. പിന്നെ അവിടെ എത്തുന്ന ധനവാന്മാരുടെ ഹുങ്ക് കാണണം. ഇടയ്‌ക്ക് എ.ടി.എം പണിമുടക്കുന്പോൾ അവർ “ഷിറ്റ്, ഷിറ്റ്” എന്ന് ഉറക്കെ കൂവുന്നതും, വല്ലപ്പോഴും ലാസറിനോട് ചൂടായി തെറി പറയുന്നതും കേൾക്കണം.

ഇങ്ങനെയൊക്കെ ആയാലും ആ ജോലി അയാൾക്ക് മാസാമാസം മൂവായിരം രൂപ ശംബളം എത്തിച്ചിരുന്നു.

കള്ളുകുടിക്കാനും മറ്റും മാസം തോറും പണം കിട്ടാനുള്ള ഒരുതരം കുത്തിയിരുപ്പ് മാത്രമായിട്ടാണ് യന്ത്രത്തെ കാക്കുന്ന ആ ജോലിയെ ലാസർ കണ്ടിരുന്നത്.

ഓരോ ദിനം ഒടുങ്ങുന്പോഴും ലാസർ സൈക്കിൾ ചവുട്ടി പത്രോസിന്റെ കലൂരിലുള്ള ഓഫീസിലെത്തും. താക്കോൽ അവിടെ ഏൽപ്പിക്കും. പിന്നെ മദ്യം തരുന്ന സ്വസ്ഥത തേടി മനസ്സ് പറയുന്നിടത്തേക്ക് നടക്കും.

രാത്രി ഏറെച്ചെന്നാൽ ബാക്കി മദ്യവും കൊണ്ട് കൂരയിലേക്ക്. മുറിയിലെ നനഞ്ഞ വെട്ടത്തിൽ കമഴ്ന്ന് കിടന്ന് ഉറങ്ങും. രാവിലെ പല്ല് തേച്ചാൽ ആയി, കുളിച്ചൽ ആയി, പിന്നെ റെയിൽവേ സ്റ്റേഷന് അടുത്തുള്ള റപ്പായിയുടെ കടയിൽ നിന്നും പുട്ടും കടലയും. എന്നിട്ട് കലൂരിലെ ഓഫീസിൽ നിന്നും എ.ടി.എമ്മിന്റെ താക്കോലും വാങ്ങി എം.ജി.റോഡിലേക്ക്. അവിടെ തെരുവിലെ നിധി കുംഭത്തിന് കാവൽ.

നിധികുംഭത്തിന് ചുറ്റും റോഡപകടങ്ങളും, പേമാരിയും, പൊള്ളുന്ന വെയിലും, താളം തെറ്റിയ ജീവന്റെ ഘോഷയാത്രകളുടെ കുത്തൊഴുക്കായി. റോഡിലെ ജീവന്റെ പരക്കം പാച്ചിലിനും, എ.ടി.എമ്മിന്റെ നോട്ടെണ്ണുന്ന താളത്തിനും ലാസറിന്റെ നെഞ്ചിടിപ്പ് ഒരുതരം നിസ്സംഗതയോടെ കാവൽ നിന്നു.

അന്ന് ലാസർ എ.ടി.എമ്മിലെത്തി പതിവ് പോലെ അവിടം വൃത്തിയാക്കിക്കൊണ്ടിരിക്കുകയായിരുന്നു. ഒരു കടലാസ്സ് കഷ്ണം, എ.ടി.എമ്മിലെ എ.സിയുടെ തണുപ്പേറ്റ് നിലത്ത് കിടന്ന് വിറയ്‌ക്കുന്നു. എ.ടി.എമ്മിൽ നിന്നും തലേദിവസം രാവിലെ ആരോ എടുത്ത രൂപയുടെ ബാക്കിപത്രം. അതിന് പിന്നിൽ എഴുതിയിരുന്ന അക്ഷരങ്ങൾ കണ്ണാടിച്ചില്ലിലൂടെ അരിച്ചിറങ്ങുന്ന വെട്ടത്തിൽ തെളിഞ്ഞു.

“ഗുഡ് മോർണിംഗ്, എൻജോയ് യുവർ ബാങ്കിങ്ങ് വിത്ത് അസ്സ്.”

ലാസർ കടലാസ്സുകഷണം തിരിച്ചും മറിച്ചും നോക്കി പോക്കറ്റിൽ ഇട്ടു. അയാൾ എഴുന്നേറ്റ് അടുത്ത കടയുടെ വരാന്തയിൽ ഇട്ടിരുന്ന പൊടിപിടിച്ച ചുവന്ന പ്ലാസ്റ്റിക്ക് കസേരയിൽ നിസ്സംഗനായി കുത്തിയിരുപ്പ് ആരംഭിച്ചു.

എപ്പോഴോ ലാസർ ഒന്ന് ഉറങ്ങിപ്പോയി. ഉറക്കത്തിൽ ലാസർ ബെഥനിയിൽ കർത്താവിനെ സ്വപ്നം കണ്ടു. പോക്കറ്റിലെ കടലാസ് തുണ്ടിലെ വാക്കുകൾ ഒരു പെണ്ണായി അയാളോട് പറഞ്ഞു.

“അച്ചായാ… സുപ്രഭാതം.”

അയാൾ ഉറക്കം ഞെട്ടി എഴുന്നേറ്റു. ആകെ വിയർത്തിരുന്നു. ഏതാ, എവിടെയാ ആ പെൺ ശബ്ദം?

ലാസർ അടുത്തിരുന്ന കുപ്പിയിലെ വെള്ളം കുടിച്ചു തീർത്തു. റോഡിന് കുറുകെയുള്ള സ്വർണ്ണക്കടയുടെ ഭിത്തിയിൽ സമയം അക്കങ്ങളുടെ മുകളിലൂടെ ഒഴുകി നീങ്ങി. ഇതിനിടയിൽ ലാസർ ഹോട്ടലിൽ പോയി ചോറുണ്ടു, ബസ്‌സ്റ്റാന്റിനടുത്തുള്ള മൂത്രപ്പുരയിൽ പോയി മൂത്രം ഒഴിച്ചു, പുക വലിച്ചു. എന്നിട്ടും മനസ്സിന് സ്വസ്ഥത കിട്ടാതെ അയാൾ ഷർട്ടിന്റെ പോക്കറ്റിൽ തടവികൊണ്ടിരുന്നു. അത് ആരുടെ ശബ്ദം ആയിരുന്നു?

ഉറക്കത്തിൽ സ്വപ്നം കണ്ടതാവും. അതോ കണ്ടു മറന്ന ഏതോ വേശ്യയുടെ ശബ്ദമോ?

ആഭരണക്കടയുടെ ഭിത്തിയിൽ സമയം നിഴലായി ചലനം തുടർന്നു. ഇരുള് വീണ തെരുവിൽ നോക്കി അയാൾ കസേരയിൽ നിന്നും എഴുന്നേറ്റു.

അപ്പോഴാണ് ലാസർ ശ്രദ്ധിച്ചത് നിലത്ത് മറ്റൊരു കടലാസ്സ് തുണ്ട്.

“ക്ലെൻലിനെസ്സ് ഈസ് ഗോഡ്‍ലിനെസ്സ്… ഹോപ്പ് യു ഹാഡ് എ ഗുഡ് ടൈം ബാങ്കിങ്ങ് വിത്ത് അസ്സ്, ഗുഡ് നൈറ്റ്.”

ജോലി തുടങ്ങിയിട്ട്, യന്ത്രം തുപ്പുന്ന കടലാസുതുണ്ടിലെ കുറിപ്പുകൾ അന്നാണ് ആദ്യമായി ലാസർ ശ്രദ്ധിക്കുന്നത്.

ലാസറിന്റെ പോക്കറ്റിൽ ആ കടലാസ് കഷ്ണം മറ്റൊരു കുറിപ്പിന് തുണയായി.

അയാൾ എ.ടി.എമ്മിന്റെ ചില്ലുകതക് അടച്ച് ഷട്ടറുകൾ താഴ്‌ത്തി നിരത്തിലൂടെ പത്രോസ് ചേട്ടന്റെ അരികിലേക്ക് ഒഴുകി. അവിടെ കാവലിന്റെ ഭാരം ഇറക്കി വെച്ച് ലാസർ കൂരയിലേക്ക് നടന്നു. കൂരയിൽ ചെന്നപ്പോൾ അയാൾ ആകെ തളർന്നിരുന്നു. അരഗ്ലാസ്സ് റം എടുത്ത് മോന്തി ഷർട്ട് ഊരാതെ കട്ടിലിലേക്ക് കമഴ്ന്നു. കടലാസുകൾ ലാസറിന്റെ പോക്കറ്റിൽ അയാൾക്കൊപ്പം ഇണചേർന്നുറങ്ങി.

യെശയ്യാവുവിന്റെ ശബ്ദം രാത്രിയുടെ ഏതോ യാമങ്ങളിൽ ലാസറിന്റെ ചെവികളിൽ പടർന്നു. ലാസർ ചെവിപൊത്തി തിരിഞ്ഞു കിടന്നു.

“ലാസറേ… നീ നിന്റെ ശരീരം കഴുകി വെടിപ്പാക്കുവിൻ; നിന്റെ പ്രവൃത്തികളുടെ ദോഷങ്ങൾ എന്റെ കൺമുന്നിൽ നിന്നും മാറ്റുക; തിന്മ ചെയ്യുന്നതു മതിയാക്കുവിൻ.”

മുറിവേറ്റ രാത്രിയുടെ നിശബ്ദതയിൽ ബൈബിൾ വചനങ്ങൾ ഏതോ പെണ്ണിന്റെ ശബ്ദത്തോടൊപ്പം ഒഴുകിയെത്തികൊണ്ടിരുന്നു. കുടിലിന് പുറത്ത് നേർത്ത് പെയ്യുന്ന ചാറ്റൽ മഴയ്‌ക്കൊപ്പം ശബ്ദങ്ങൾ നേർത്ത് പെണ്ണിന്റെ വിളികളായി. പെണ്ണിന്റെ വിളിയിൽ ലാസറിന്റെ നെഞ്ചൊന്ന് പിടഞ്ഞു. എന്തോ എവിടേയോ ചില നൊന്പരങ്ങൾ.

“അച്ചായാ…”

രാത്രി മുഴുവനും നെഞ്ചിൽ ആ ശബ്ദം ചവുട്ടിക്കൊണ്ടിരുന്നു.

അയാൾ ഉറക്കം കിട്ടാതെ തിരിഞ്ഞും മറിഞ്ഞും കിടന്ന് നേരം വെളുപ്പിച്ചു.

രാവിലെ കട്ടൻ ചായ നിറഞ്ഞ സ്റ്റീൽ ഗ്ലാസ്സിൽ മങ്ങിയ മുഖത്തെ നരച്ച കുറ്റി രോമങ്ങളിൽ തടവി ലാസർ അല്പനേരം നിന്നു. കുറ്റിരോമങ്ങൾ വടിച്ചു നീക്കുന്പോൾ ലാസർ തന്നോട് തന്നെ പറഞ്ഞു:

“എനിക്ക് എന്താ പറ്റുന്നത് കർത്താവേ?”

കോളനിയിലെ പൈപ്പിന് മുന്നിൽ പ്ലാസ്റ്റിക്ക് തൊട്ടി നിറയ്‌ക്കുന്പോഴും, ആഴ്ച്ചയിൽ ഒരിക്കൽ മാത്രം ശരീരത്തിൽ വീഴുന്ന ജലം എന്നും ആയിക്കോട്ടെ എന്ന് തീരുമാനിക്കുന്പോഴും ലാസർ ഉറക്കെ ചിന്തിച്ചു.

“എനിക്ക് എന്താ പറ്റുന്നത് കർത്താവേ?”

ചുളുക്കം വന്ന യൂണിഫോമിന് വടിവ് വരുത്തി റോഡിലേക്ക് ഇറങ്ങിയ ലാസറെ നോക്കി ചേരി നിവാസികളും പറഞ്ഞു:

“ഈ ലാസറിന് ഇതെന്നാ പറ്റി?”

പത്രോസ്സ് ചേട്ടന്റെ കൈയ്യിൽ നിന്നും താക്കോൽ വാങ്ങി സൈക്കിളിന് അടുത്തേക്ക് നടക്കുന്പോൾ പത്രോസ്സ് പറഞ്ഞു: “ലാസറെ ഇന്നാണ് നിന്റെ രൂപം ഒന്ന് ശരിക്ക് കാണാൻ കഴിഞ്ഞത്. നിന്നെ കർത്താവ് കാക്കട്ടെ.”

ഭിത്തിയിലെ മരക്കുരിശ്ശിലെ കർത്താവ് പത്രോസിനെ നോക്കി. പത്രോസ്സ് മരക്കുരിശ്ശിനെ നോക്കി, കർത്താവിന്റെ നാമം വീണ്ടും വീണ്ടും സ്തുതിച്ച് കുരിശ്ശ് വരച്ചു.

എം.ജി റോഡിന്റെ ഓരത്ത് ഇളം തവിട്ടുനിറമുള്ള കണ്ണാടിക്കൂട്ടിൽ എ.ടി.എം തിളങ്ങി.

ആദ്യമായി അയാൾക്ക് ആ ചില്ലുകൂടിനോട് ഒരുതരം അടുപ്പം തോന്നി. ആ കൂടിനുള്ളിൽ കുടിയിരിക്കുന്നത് അയാൾക്ക് അന്നുവരെ അനുഭപ്പെടാത്ത ശാന്തത, സമാധാനം.

അയാൾ ആ കണ്ണാടിക്കൂട് നന്നായി തുടച്ചു വൃത്തിയാക്കി. അതിനുള്ളിൽ ചൂയിങ്ഗം ചവച്ച് തുപ്പരുത് എന്ന് എഴുതി വെച്ചു. എ.ടി.എമ്മിന്റ ഭിത്തിയിലെ പുകവലി പാടില്ല എന്ന നിറം മങ്ങിയ അക്ഷരങ്ങൾ ലാസറിന്റെ കൈകളാൽ തിളങ്ങി.

അന്ന് രാവിലെയും വൈകിട്ടും അയാളെ തേടി കടലാസുതുണ്ടുകളിലെ അക്ഷരങ്ങൾ എത്തി.

“സ്റ്റാർട്ട് യുവർ ഡ്രീംസ് വിത്ത് അസ്സ്.”

ലാസർ പ്ലാസ്റ്റിക്ക് കസേരയിൽ ഇരുന്ന് സ്വപ്നം കണ്ടു. സ്വപ്നത്തിൽ പെണ്ണിന്റെ ശബ്ദം.

“അച്ചായൻ സ്വപ്നം കാണുകയാണല്ലേ.” ലാസറിന്റെ പോക്കറ്റിൽ പെണ്ണ് ലാസറിനൊപ്പം ഉച്ചയുറങ്ങി.

വൈകുന്നേരം കടലാസുകഷണത്തിൽ വീണ്ടും വാക്കുകൾ…

“വെൻ യൂ സ്ലീപ്, വീ വിൽ ഡ്രീം യുവർ ഡ്രീംസ്.”

ലാസറിന്റെ കൈകളിൽ ആ കടലാസ്സുകഷണം വിറകൊണ്ടു. എ.ടി.എം അടച്ച് കൂരയിൽ എത്തുന്പോഴും അയാളുടെ കൈകളിലെ വിറയൽ മാറിയിരുന്നില്ല. എല്ലാ വാക്കുകളിലും അയാളുടെ സ്വപ്നങ്ങൾ. സ്വപ്നങ്ങളിൽ പെൺമൊഴി.

“അച്ചായാ…”

ഋതുഭേദങ്ങളിൽ ലാസറും മാറിക്കൊണ്ടിരുന്നു. ഞായറാഴ്ച്ചകളിൽ പള്ളിയിലെ മണിമുഴക്കം ലാസറിന്റെ ഉള്ളിലെ മാറ്റങ്ങൾക്ക് കനം കൂട്ടിക്കൊണ്ടിരുന്നു. എന്നും കണ്ണാടിച്ചില്ലുകളിൽ അയാളുടെ മുഖം പ്രതിബിംബിക്കും വരെ എ.ടി.എം അയാൾ വൃത്തിയാക്കും. അടുത്തുള്ള ഏത് തിളക്കത്തെക്കാളും വലിയ തിളക്കം അയാൾ തുടച്ചുണ്ടാക്കും.

ഒരു ദിവസം ലാസറിന് നിലത്തുനിന്നും മറ്റൊരു കുറിപ്പ് കിട്ടി: “ആൽക്കഹോൾ ആൻഡ് സ്മോക്കിങ് ആർ ഇഞ്ചുറിയസ് റ്റു ഹെൽത്ത്.”

അന്ന് രാത്രിയിൽ കൂരയിലെ അരണ്ട വെളിച്ചത്തിൽ ഓർമ്മകളിൽ മുങ്ങിത്തപ്പിയ ലാസർ ആ ശബ്ദം കേട്ടു.

“വീഞ്ഞു പരിഹാസിയും മദ്യം കലഹക്കാരനും ആകുന്നു; അതിനാൽ ചാഞ്ചാടി നടക്കുന്ന ആരും ജ്ഞാനിയാകയില്ല… അച്ചായാ നിർത്തിക്കൂടെ.”

പിറ്റേന്ന് ലാസറിന്റെ കൂരയുടെ വെളിയിൽ മണ്ണിന് ബ്രാണ്ടിയുടെയും സിഗരെറ്റിന്റേം മണം. കുപ്പികളിലെ ബ്രാണ്ടി മണ്ണിൽ തൂവുന്ന ലാസറിനോട് കോളനിക്കാർ ചോദിച്ചു: “നന്നാവാൻ തീരുമാനിച്ചു ആല്ലേ…”

ലാസർ അവരെ നോക്കി ചിരിച്ചു. പോക്കറ്റിലെ കുറിപ്പ് അയാളുടെ നെഞ്ചിനോട് ചേർന്ന് പിടഞ്ഞു.

ആ ഞായറാഴ്ച്ച, നേർച്ചപ്പെട്ടിയിൽ നോട്ട് തിരുകുന്ന ലാസറിനോട് പാതിരി പറഞ്ഞു: “ലാസറേ നീ നല്ലവനാ, നിന്റെ വഴികളിലെല്ലാം അവനെ നീ നിനച്ചു കൊള്ളുക; അവൻ നിന്റെ പാതകളെ നേരെയാക്കും.”

ലാസറിന്റെ നെഞ്ചിൽ നോവ് പൊട്ടുന്നത് എ.ടി.എമ്മീന്ന് പൈസ്സ കിട്ടാതെ ആളുകൾ യന്ത്രത്തിന്റെ വശത്ത് ആഞ്ഞ് തട്ടുന്പോഴും, ചീത്ത വിളിക്കുന്പോഴും ആണ്.

പൈസ്സ കിട്ടാത്തതിന് എ.ടി.എം എന്ത് പിഴച്ചു.

ആ ദിവസങ്ങളിലൊക്കെ വൈകുന്നേരം കലൂരിലെ വിശുദ്ധ അന്തോണിയേസിന്റെ പള്ളിയിൽ ലാസർ മെഴുകുതിരി കത്തിക്കും. “എ.ടി.എമ്മിനെ കാത്തോണേ” എന്ന് പ്രാർത്ഥിക്കും. പിന്നെ കുരിശും വരച്ച് കാണിക്ക വഞ്ചിയിൽ കാശും ഇട്ട് അയാൾ കൂരയിലേക്ക് നീങ്ങും.

ഒന്നോ രണ്ടോ തവണ ബാങ്ക് മാനേജറെ കണ്ട് പറഞ്ഞിട്ടുണ്ട്… “സാറേ എ.ടി.എമ്മിൽ പൈസ്സ ഇല്ല… ആളുകൾ വെറുതെ ബഹളം കൂട്ടുണ്ട്… അത് നിറച്ച് വെക്കരുതോ?”

അപ്പോഴൊക്കെ മാനേജർ ലാസറിനോട് പറയും… ”ലാസറെ നോക്കട്ടെ… പിന്നെ നിന്റെ പണിയെക്കുറിച്ച് പത്രോസ്സ് ചേട്ടന് നല്ല മതിപ്പാ.”

എ.ടി.എമ്മിന് എതിർവശമുള്ള സ്വർണ്ണക്കടയിലെ ഭിത്തിയിൽ സമയം, നിമിഷങ്ങളായും, മണിക്കൂറുകളായും, ദിവസ്സങ്ങളായും, വര്ഷങ്ങളായും, കറങ്ങിക്കൊണ്ടിരുന്നു.

ലാസറിന്റെ തലമുടി കൂടുതൽ നരച്ചു. കടലാസുകഷണങ്ങളിലെ വാക്കുകൾ ശബ്ദങ്ങളായി. ശബ്ദങ്ങൾ ആദിയിലെ വചനങ്ങളായി ആ നിധികുംഭത്തിന് ചുറ്റും ഒഴുകി.

സ്വർണ്ണക്കടയുടെ ഭിത്തിയിലെ ഘടികാര സൂചിയിൽ എപ്പോഴോ തുടങ്ങിയ മലവെള്ളപ്പാച്ചിലിൽ എം.ജി.റോഡിൽ എ.ടിഎമ്മുകൾ പെറ്റു പെരുകി. പല മുഖങ്ങളുള്ള യന്ത്രങ്ങൾ, ശീതികരിച്ച ബൂത്തുകളിൽ നോട്ടുകൾ ചുമച്ചു തുപ്പി. ആളുകൾക്ക് യന്ത്രം പുതുമയല്ലാതെയായി.

ജനപഥം പ്ലാസ്റ്റിക്ക് കാർഡുകളിൽ ജീവിതം നിവർത്തി നീങ്ങി.

ഒരു ദിവസം താക്കോൽ വാങ്ങാൻ ചെന്നപ്പോൾ പത്രോസ്സ് പറഞ്ഞു: “ലാസറെ, നിന്റെ എ.ടി.എം. ഇരുപത്തിനാല് മണിക്കൂറും പ്രവർത്തിപ്പിക്കാൻ ബാങ്ക് തീരുമാനിച്ചു.”

ലാസറിന്റെ കണ്ണുകൾ വിടർന്നു… “ബുദ്ധിമുട്ടാണെങ്കിലും ഞാൻ കാവൽ നിന്നോളാം.”

പത്രോസ്സ് അയാളെ ഒന്ന് നോക്കിയിട്ട് തുടർന്നു: “അതിന്റെ ആവശ്യം ഇല്ല ലാസറെ. മൂന്ന് ഷിഫ്റ്റാ. രണ്ട് പേരും കൂടി ഉണ്ടാവും, നിനക്ക് ഏത് ഷിഫ്റ്റ് വേണം?”

ലാസർ ഒന്ന് പകച്ചു. എ.ടി.എമ്മിന്റെ കാവലിന്… എ.ടി.എമ്മിനെ പങ്കിടാൻ ഇനി രണ്ട് അവകാശികൾ കൂടി.

“ചേട്ടാ ഞാൻ മാത്രം പോരെ?”

പത്രോസ്സ് ലാസർ പറയുന്നത് ശ്രദ്ധിക്കാതെ പിന്നെയും ചോദിച്ചു:

“നിനക്ക് ഏത് ഷിഫ്റ്റ് വേണം?”

ലാസറിന്റെ നാവിൽ നിന്നും വാക്കുകൾ അടർന്നു വീണു…

“രാത്രി.”

“രാത്രി കുഴപ്പമില്ല, പക്ഷെ നീ ആ കടത്തിണ്ണയിൽ ഇരുന്ന് നേരം വെളുപ്പിക്കേണ്ടി വരും.”

ലാസർ ഒന്ന് മൂളി നിരത്തിലേക്ക് ഇറങ്ങി.

നടന്നകലുന്ന ലാസറിനെ നോക്കി പത്രോസ്സ് കുരിശ് വരച്ചു. “ലാസറിന് നല്ലത് വരുത്തണേ…”

ഇനിമുതൽ നോട്ട് തുപ്പുന്ന യന്ത്രത്തിന് മൂന്ന് കാവൽക്കാർ. അയാൾക്ക് അത് ഉൾക്കൊള്ളാൻ കഴിഞ്ഞില്ല, പക്ഷെ ഉൾഉൾക്കൊണ്ടേ പറ്റു.

അയാൾക്കും എ.ടി.എമ്മിനും ഇടയിലെ നിശബ്ദത പങ്കിടാൻ രണ്ട് പേര് കൂടി. അയാൾക്ക് അവരോട് അസൂയതോന്നി… “നല്ലപോലെ പണിയെടുത്തില്ലേൽ ബാങ്കിലെ മാനേജരോട് പറയണം.”

വൈകുന്നേരം എ.ടി.എമ്മിന് കാവൽ നിൽക്കാൻ ചെല്ലുന്പോൾ ലാസർ പൊടിപിടിച്ച ബൂത്തിനെ ഒന്ന് നോക്കും, എന്നിട്ട് പറയും…

“എന്താടെ ഒന്ന് വൃത്തിയായി വെച്ചൂടെ?”

മിക്കപ്പോഴും തിരിച്ച് ഉത്തരം കിട്ടും…

“എന്റെ വീടൊന്നും അല്ലല്ലോ… അല്ല അറിയാൻ വയ്യാത്തോണ്ട് ചോദിക്കുകാ… ഈ യന്ത്രം എന്താ ലാസർ ചേട്ടന്റെ ഭാര്യ വല്ലോം ആണോ?”

ലാസർ അതിന് ഉത്തരം ഒന്നും കൊടുക്കാതെ ബൂത്തിന്റെ ചില്ല് വാതിലും, എടി.എമ്മും തുടച്ച് വൃത്തിയാക്കും.

രാത്രിയുടെ ഏകാന്തതയിൽ അയാൾ ആ പ്ലാസ്റ്റിക്ക് കസേരയിൽ ഇരുന്ന് നിലത്ത് വീണുകിട്ടിയ കുറിപ്പുകളിലെ വാക്കുകളെ തേടും. വാക്കുകൾ അയാളുടെ കാതിൽ പെണ്ണിന്റെ നിശ്വാസം ആവും.

ആദ്യമൊക്കെ രാത്രികളിലെ ആ കുത്തിയിരുപ്പ് അയാൾക്ക് ഇഷ്ടമായിരുന്നില്ല. പക്ഷെ പതുക്കെ അയാൾ അത് ഇഷ്ടപ്പെടാൻ തുടങ്ങി. രാത്രിയിൽ പണം എടുക്കാൻ വരുന്നവർ ചുരുക്കം.

ലാസറും പണം തുപ്പുന്ന യന്ത്രവും മാത്രം.

അയാളുടെ ചിന്തകൾക്ക് താളം പകർന്ന്, അയാളുടെ സ്വപ്നങ്ങൾക്ക് നിറം കൊടുത്ത് വഴി വിളക്കുകളും, സ്വർണ്ണക്കടയുടെ ഭിത്തിയിലെ കാലചക്രവും.

എല്ലാത്തിനും ഉപരി കടലാസ് തുണ്ടുകളിലെ അക്ഷരങ്ങൾ. അക്ഷരങ്ങൾക്ക് സ്വരമേകി പെണ്ണിന്റെ മനം മയക്കുന്ന ശബ്ദം.

ചില രാത്രികളിൽ തെരുവ് വിളക്കിന്റെ അരണ്ട വെളിച്ചത്തിൽ അയാളുടെ എ.ടി.എമ്മിന്റെ മറവിൽ മനുഷ്യൻ മാംസത്തിന് വിലപേശുന്നത് അയാൾ കേട്ടിട്ടുണ്ട്.

ലാസർ അവരുടെ ഇളിഭ്യച്ചിരിയിൽ നോക്കി പറയും… “ഇവിടെ, ഈ എ.ടിഎമ്മിന്റെ മറവിൽ ഇത് വേണ്ട… നിങ്ങളുടെ തെറ്റുകൾ നിങ്ങൾ അറിയുക… അത് തിരുത്തുക.”

നടന്നകലുന്ന നിഴലുകൾ വീഥിയുടെ മഞ്ഞ വെളിച്ചത്തിൽ ലയിക്കുംമുന്പേ, പിന്തിരിഞ്ഞു നോക്കാതെ ആത്മഗതം പോലെ പറയും… “ആഭാസന്റെ സുവിശേഷം… ”

ലാസർ അവരുടെ വാക്കുകൾ ശ്രദ്ധിക്കാതെ കാവൽ തുടരും.

എം.ജി.റോഡിൽ കാലം കൊതുകു കടിയേറ്റ്, മഴയിലും പൊടിയിലും മുങ്ങിപ്പൊങ്ങി. ലാസർ അയാളുടെ എ.ടി.എമ്മിനെ പ്രണയിച്ചും, ശബ്ദങ്ങൾക്ക് കാതോർത്തും കടത്തിണ്ണയിലെ പ്ലാസ്റ്റിക്ക് കസേരയിൽ കുത്തിയിരുന്നും കാലത്തിന് കാവൽ നിന്നു.

അന്ന് രാത്രി കസേരയിൽ ഇരുന്ന് ഉറക്കം തൂങ്ങുന്പോൾ അയാൾ പെണ്ണിന്റെ ശബ്ദം കേട്ടു: “അച്ചായാ, നോട്ടുകൾ മാറുന്നു”. അയാൾ ഞെട്ടി എഴുന്നേറ്റു. പോക്കറ്റിൽ കുറിപ്പുകൾക്ക് പരതി.

അയാൾ ആദ്യമായി കുറിപ്പുകളിലൂടെയല്ലാതെ ശബ്ദം കേട്ടു.

കാലത്ത് ഡ്യുട്ടിക്ക് വന്ന കാവൽക്കാരൻ അറിയിച്ചു… “സർക്കാർ അഞ്ഞൂറിന്റേം, ആയിരത്തിൻറേം നോട്ടുകൾ അസാധുവാക്കി… കണ്ടോ, ഇവിടെ ഇനി പണം എടുക്കാനുള്ള തിരക്ക് ആയിരിക്കും.”

അയാൾ കോളനിയിൽ ചെന്നപ്പോൾ കോളനി നിവാസികൾ പറയുന്നത് കേട്ടു…

“എ.ടി.എമ്മുകളിൽ… പുതിയ നോട്ടുകൾ വരുന്നു… ബാങ്കിൽ ചെന്ന് നോട്ടുകൾ മാറ്റി എടുക്കണം.”

അന്ന് മുതൽ ദിനപ്പത്രങ്ങളിൽ പഴയ നോട്ടുകളുടെ ശവഘോഷയാത്ര യാത്ര. എ.ടി.എമ്മുകളുടെ മുന്നിൽ നീളുന്ന ക്യൂ. നിരകളുടെ അറ്റത്ത് ഒരു പൊട്ടുപോലെ എ.ടി.എമ്മുകൾ. ജനങ്ങൾ പലപ്പോഴും അക്രമാസക്തരായി. ലസാറിന്റ രാത്രികളിലെ സ്വകാര്യതയ്‌ക്കും ജനം ക്യൂ നിന്നു.

പൈസ കിട്ടാതെ ജനം എ.ടി.എമ്മുകളുടെ കണ്ണാടികളിൽ മുറുക്കി തുപ്പി. ദേഷ്യം സഹിക്കാതെ അവർ എ.ടി.എമ്മിനെ തൊഴിച്ചു. എ.ടി.എമ്മിന്റെ നൊന്പരങ്ങളേറ്റ് ലാസറിന്റെ നെഞ്ച് കലങ്ങി.

രാഷ്ട്രീയപ്പാർട്ടികൾ നോട്ട് നിരോധനത്തിനെതിരായി ഹർത്താൽ പ്രഖ്യാപിച്ചു. ബാങ്കുകൾ ഹർത്താൽ ദിവസം എ.ടി.എമ്മുകൾ അടച്ചിടാൻ തീരുമാനിച്ചു.

ഹർത്താൽ ഒരു തിങ്കളാഴ്ച്ച ആയിരുന്നു.

ആ ഞായറാഴ്ച്ച ലാസർ പള്ളിയിൽ പോയി കുന്പസരിച്ചു. കുന്പസാരക്കൂട്ടിൽ നിശബ്ദനായി നിന്ന ലാസറിനോട് അച്ചൻ ചോദിച്ചു:

“എന്താ? പറയു?”

ലാസർ നിർത്തി നിർത്തി പറഞ്ഞു: “അച്ചോ, പണ്ട് ഒരുപാട് തെറ്റൊക്കെ ചെയ്തിട്ടുണ്ട്… ഇന്ന്… എന്തോ ഒരു മനോവിഷമം… എന്താന്ന് അറിയില്ല… ”

അച്ചൻ പറഞ്ഞു:

“നീ കിടക്കും മുന്പ് പത്രോസിന്റെ സുവിശേഷം വായിക്കുക. നിനക്ക് മനസ്സമാധാനം കിട്ടും.”

“വായിക്കാം അച്ചോ… പിന്നെ ഒരുകാര്യം കൂടി…” ലാസർ തുടർന്നു…

“അച്ചോ, എനിക്കെന്റെ ജോലി വളരെ ഇഷ്ടമാ… എന്റെ എ.ടി.എമ്മിനേം… പക്ഷെ എന്തോ അരുതാത്തത് സംഭവിക്കാൻ പോകുന്നതുപോലെ.”

കുന്പസാരക്കൂട്ടിന്റെ മറുപുറം, അച്ചൻ ലാസറിന്റെ ദുഖങ്ങൾക്ക് ഏതാനും നിമിഷങ്ങൾ കാവൽ നിന്നു, എന്നിട്ട് പറഞ്ഞു:

“ലാസറെ, ദുഃഖിക്കുന്നവർ ഭാഗ്യവാന്മാർ; അവർക്കു ആശ്വാസം ലഭിക്കും എന്ന് കർത്താവ് പറഞ്ഞിട്ടുണ്ട്. നീ വിഷമിക്കാതെ.”

ലാസർ കുന്പസാരക്കൂട് വിട്ട് പള്ളിയുടെ പടവുകൾ ഇറങ്ങി ചേരിയിലേക്ക് നടന്നു.

പിന്നിൽ അച്ചന്റെ ശബ്ദം… “ഈശോ മിശിഹായ്‌ക്ക് സ്തുതിയായിരിക്കട്ടെ… ” ലാസർ മനസ്സിൽ പറഞ്ഞു… “ഇപ്പോഴും… എപ്പോഴും.”

രാത്രി ലാസർ കട്ടിലിൽ തിരിഞ്ഞും മറിഞ്ഞു കിടന്നു. കട്ടിലിന്റെ ഞെരക്കത്തിൽ ലാസർ ഓർമ്മകൾ നെയ്യുകയായിരുന്നു.

എത്ര നാളുകൾ ആയി വിയർപ്പിന് കാവൽക്കാരനായിട്ട് ആയിട്ട്? എത്ര നാളുകൾ വാക്കുകൾക്ക് അർത്ഥം തേടി, ശബ്ദങ്ങൾക്ക് കാതോർത്ത്?

എപ്പോഴോ ഒരു മയക്കത്തിലേക്ക്. മയക്കത്തിൽ മരണക്കയം… കയത്തിൽ പെണ്ണിന്റെ പേടിച്ച ശബ്ദം…

“അച്ചായാ അവർ…”

ലാസർ ഞെട്ടി എണീറ്റു. കിടക്ക അയാളുടെ വിയർപ്പിൽ കുതിർന്നിരുന്നു. കണ്ണുകൾ കൈത്തണ്ടയിലെ സമയം മൂന്ന് മണിയിൽ ഒന്ന് തുള്ളി, കിതച്ചോടിയ നിമിഷ സൂചിയായി മാറി.

ഷർട്ട് ധരിച്ച്, ടോർച്ചും എടുത്ത് വെളിപാടിന് അർത്ഥം തേടി എം.ജി. റോഡിലേക്ക് അയാൾ സൈക്കിൾ ആഞ്ഞ് ചവുട്ടി.

ഇരുണ്ട രാത്രിയിൽ, നനവുള്ള മൂടൽ മഞ്ഞിൽ അയാളുടെ സൈക്കിൾ തെന്നി നീങ്ങി. മഞ്ഞ വെളിച്ചം നിറഞ്ഞ വീഥികളിൽ അവിടവിടെയായി ചെറിയ ആൾക്കൂട്ടം, മുദ്രാവാക്യം വിളിച്ച നീങ്ങുന്നു. ഹർത്താലിന് അവരുടെ തയ്യാറെടുപ്പ്.

ലാസർ അയാളുടെ എ.ടി.എമ്മിനടുത്തെത്തിയപ്പോൾ അവിടെയും ആൾക്കൂട്ടം. ആൾക്കൂട്ടത്തിന്റെ കൈകളിൽ തീപ്പന്തം. ലാസറിന്റെ നെഞ്ചൊന്നു കാളി.

അയാൾ സൈക്കിളിൽ നിന്നും ഇറങ്ങി എ.ടി.എമ്മിന്റെ അടുത്തേക്ക് ഓടി.

വഴിവിളക്കുകളും, തീപ്പന്തങ്ങളും എ.ടി.എമ്മിന് ചുറ്റും വെളിച്ചം വിതറി.

വെളിച്ചത്തിന്റെ കണ്ണുകളിൽ, തീനാളങ്ങളിൽ, ഒഴുകുന്ന മുടി സ്വർണ്ണത്തുണി കൊണ്ട് മറച്ച ഒരു രൂപം. ലാസർ കണ്ണ് തിരുമ്മി വീണ്ടും വീണ്ടും നോക്കി.

കർത്താവേ ആര് മറിയമോ? മറിയം മനം നൊന്ത് കരയുന്നു. അവളുടെ കണ്ണുകളിൽ ഭീതിയുടെ കുന്തിരിക്ക പുക.

ലാസർ ജനക്കൂട്ടത്തെ നോക്കി അലറി…

“അരുത്… വേണ്ടാ…”

പാതയിലെ പൊടിയും, പന്തങ്ങളിലെ തീപ്പൊരിയും ആകാശത്തേക്ക് വ്യാളികളുടെ നാവുകൾ പോലെ പൊന്തി. ആരോ ആക്രോശിച്ചു… “കത്തിക്കടാ…”

എ.ടി.എമ്മിനും ആൾക്കൂട്ടത്തിനും ഇടയിൽ, കടലാസുതുണ്ടുകളിലെ അക്ഷരങ്ങളിൽ, വാക്കുകളിലെ പെൺവചനങ്ങളിൽ, ജന്മാന്തരങ്ങളുടെ കല്ലറയിൽ നിന്നും ഉയിർത്തെഴുന്നേറ്റ കാലത്തിന്റെ കാവൽക്കാരൻ… ലാസർ.

ലാസറിന്റെ നെറ്റിയിൽ എപ്പോഴോ ഒരു മുറിവ് വന്നു പതിച്ചു. പിന്നിൽ കാണ്ണാടികൾ ഉടയുന്ന ശബ്ദം.

ലാസർ ആൾക്കൂട്ടത്തിനോട് കരഞ്ഞു പറഞ്ഞു:

“നിങ്ങളിൽ പാപം ചെയ്യാത്തവർ, കള്ളപ്പണം ഇല്ലാത്തവർ കല്ലെറിയുക.”

പാപികളുടെ കല്ലേറേറ്റ് എ.ടി.എം പുളഞ്ഞു.

ലാസർ തിരിഞ്ഞു നോക്കുന്പോൾ എ.ടി.എം നിന്ന് കത്തുന്നു. വലിയ തീഗോളത്തിനു നടുവിൽ അനാദിയായ വചനം ദൈവത്തിനൊപ്പം എരിയുന്നു. അഗ്നിക്ക് മറിയത്തിന്റെ വിശുദ്ധി.

തീ നാളങ്ങൾ ലാസറിനോട് പറഞ്ഞു:

“അച്ചായാ… ഞാൻ നിന്നെ ജലത്തിൽ സ്നാനം ചെയ്തു… എനിക്ക് പിന്നാലെ എന്നെക്കാളും ബലവാനായവൻ നിന്നെ പരിശുദ്ധാത്മാവുകൊണ്ടും, അഗ്നി കൊണ്ടും സ്നാനം ചെയ്യും.”

എം.ജി. റോഡിൽ കുന്തിരിക്കം കത്തുന്ന ഗന്ധം. കുന്തിരിക്കപ്പുകയ്‌ക്ക് പിന്നിൽ ഉപ്പാപ്പന്റെയും, മേരിയുടെയും, മാർത്തയുടെയും, വേശ്യകളുടെയും, മങ്ങിയ മുഖങ്ങൾ വെളിച്ചം തേടുന്നു. അവിടെ ലാസറും, പത്രോസും, യന്ത്രങ്ങളുടെ താക്കോൽക്കൂട്ടത്തിന് കാവൽ. എം.ജി റോഡിൽ പള്ളിമണികൾ കൂട്ടമായി മുഴങ്ങി.

ഒരു കൂപ്പുകുത്തലിൽ ലാസർ അഗ്നിയിൽ അഭയം തേടി. അഗ്നിയിൽ, ലാസറും, എ.ടി.എമ്മും, ഈശോയും ഒന്നായി.

മെറി ക്രിസ്മസ്

Tags

,

കാലിത്തൊഴുത്തിനടുത്ത് മരക്കുരിശ് നാട്ടുന്ന തിരക്കിലായിരുന്നു ഞാൻ.
ജനന മരണങ്ങൾ, അവയുടെ സത്യങ്ങൾ, അടുത്തുതന്നെ വേണം.
ഇവയുടെ ഇടയിൽ ഒരു വേദപുസ്തകവും വേണം.
കാരണം നിശ്വാസത്തിനും നിശ്ചലതയ്ക്കും ഇടയ്ക്കുള്ള ദൂരം
മുൾക്കിരീടത്തിൽ കിനിയുന്ന രോദനം.

വേദപുസ്തകം ഒരു കരണത്ത് അടികൊള്ളുമ്പോൾ മറുകരണം കാട്ടുന്നവന്,
തന്നെപ്പോലെ തന്റെ അയൽക്കാരന്റെ നോവുകളും അറിയുന്നവന്.

പക്ഷെ ഞാൻ പ്രാർത്ഥനകളിലൂടെ
ഒരു ബി.എം.ഡബ്യു വാങ്ങും അത് കഴിഞ്ഞ്
ഞായറാഴ്ച്ചകളിൽ കുമ്പസരിക്കുകയും ചെയ്യും.
എന്റെ തീൻമേശയുടെ സ്വപ്നങ്ങൾ ടർക്കിയും, വീഞ്ഞും.
തെരുവിന്റെ വിശപ്പിന് എന്റെ അടുക്കളയുടെ അവശിഷ്ടങ്ങൾ

ഞാൻ ചിരിച്ചുകൊണ്ട് വിതയ്ക്കുന്നു ചിരികൾ മാത്രം കൊയ്യുന്നു.
കൂരകൾ കണ്ണീരുകൊണ്ട് വിതയ്ക്കുന്നു നോവുകൾ മാത്രം കൊയ്യുന്നു.

ചേരികളിലെ ഒട്ടിയ വയറുകളിൽ എന്റെ സഹതാപം നിറയുന്നു
ക്രിസ്മസിന് ഞാനും അവരും ഒന്നിച്ച് നിന്റെ വരവിന്
പള്ളികളിൽ മുട്ടുകുത്തുന്നു, മെഴുതിരികൾ തെളിയിക്കുന്നു.
എനിക്ക് പള്ളികളിൽ കുമ്പസാരക്കൂട് വേണം, അവർക്കും.
എനിക്ക് അതിനുള്ളിൽ ചെയ്യാനുള്ള പാപങ്ങൾ തുടരണം
അവർക്ക്, അവിടെ, ചെയ്യാത്ത പാപങ്ങൾ കഴുകണം

മെറി ക്രിസ്മസ്.

Dream your Dreams

Tags

Someone said…chase your dreams…

I looked in the mirror…

Receding hairline…

Greying hairs thinning around the temple…

Eyes blur with impending cataract…

Waist line bulging…

Having to rush to the toilet four times at night,

To avoid an inevitable dribble.

I asked myself…

Should I chase the elusive dreams ?

For my dreams are about yesteryears…

The moment in front trampled by the boots that rush…

Me, a mere spectator trying to avoid the stampede…

Do I have the time to dream ?

When the dawn to the unknown is only a few laps away

And do I dream with cloudy eyes ?…

When the end of the rainbow is not far ?…

Then a friend says… “dreams don’t come with an expiry date”…

And I shall dream …

ഒമ്രാൻ

Tags

,

ഒമ്രാൻ,
നിന്റെ ശരീരത്തിൽ കുമിഞ്ഞു കൂടിയ പൊടി നീ കഴുകിക്കളയരുത്,
നിന്റെ മുഖത്ത് ഒലിച്ചിറങ്ങുന്ന നിണം തുടച്ച് കളയരുത്,
നിന്റെ ഉള്ളിലെ പകപ്പ് നീ തൂത്ത് മാറ്റരുത്.
നീ അനങ്ങാതെ ഇരിക്കുക.
ഞാൻ ഒരു ഫോട്ടോ, ഒരു വീഡിയോ, എടുക്കട്ടെ.
നിന്റെ ഭീതിയും, ദൈന്യവും എന്റെ അന്നം.

നിന്റെ ചിത്രം കോളകളും, കോൺഫ്‌ളേക്‌സുകളും പരസ്യങ്ങളിലൂടെ ആഘോഷിക്കും
അവർക്കും ജീവിക്കണ്ടേ ?
നിന്റെ മുഖം ഞങ്ങൾ താളിയോലകളിൽ വരച്ചു ചേർക്കും.
ഷാമ്പെയ്‌നും,കാവിയാറും നുണഞ്ഞ് ഞങ്ങൾ നിന്റെ നൊന്പരങ്ങൾക്ക് അർത്ഥം തേടും.
ഞങ്ങൾക്കും ജീവിക്കണ്ടേ ?

ഒമ്രാൻ,
ഇന്ന് നീ ഞങ്ങളുടെ ഓമന; നീ കരയരുത്.
കരഞ്ഞാൽ നീ കണ്ണീര് തുടയ്‌ക്കാതിരിക്കുക.
ഞങ്ങൾക്ക് താലോലിക്കാൻ, സഹതപിക്കാൻ,
വളർത്തു മൃഗങ്ങളുടെ ദുഃഖം ആവശ്യം എന്നറിയുക.

നാളെ നീ എന്റെ വിജയമായി ഘോഷിക്കപ്പെടും.
എന്റെ വിജയം എന്തെന്നല്ലേ ?
മുഖത്ത് കട്ടപിടിച്ച ചോരയും, പൊടിയും തുടച്ചുമാറ്റാൻ ശ്രമിക്കുന്ന നിന്റെ കുഞ്ഞി കൈ,
പിന്നെ ആ കൈയ്യിലേക്കുള്ള നിന്റെ നോട്ടം,
നിന്റെ കണ്ണുകളിലെ നിസംഗത കലർന്ന നിസ്സഹായത,
വിതുന്പാൻ മടിക്കുന്ന, വിറയ്‌ക്കുന്ന ചുണ്ടുകൾ,
നിന്റെ കണ്ണുകളിൽ പൊടിയാൻ മറന്ന ആ കണ്ണുനീർത്തുള്ളി,
അവ എന്റെ വിജയം.
നന്ദി, ഒമ്രാൻ എന്റെ ക്യാമറക്കണ്ണുകൾക്ക് തൃപ്തിയായി.

ഇനി ഞാൻ നെഞ്ചുപൊട്ടി ഒന്ന് കരയട്ടെ.

http://www.bbc.co.uk/news/world-middle-east-37125400

കബന്ധങ്ങൾ

Tags

,

എനിക്ക്,
കബന്ധങ്ങളുടെ കഥ പറയാൻ ആവുന്നില്ല…
കാരണം കാശ്മീരിൽ…നീസിൽ…അറ്റുപോയത് എന്റെ ശിരസ്സ്…എന്റെ നാവ്.
വിറയ്ക്കുന്ന വിരൽത്തുമ്പുകൾ
കോറിയിടുന്ന വാക്കുകളിൽ, വരകളിൽ കിനിയുന്നത് നിണം.

കണ്ണുനീരിന് കാവൽ നിൽക്കുന്ന കണ്ണുകൾ.
കവിൾത്തടങ്ങളിൽ വരണ്ടുണങ്ങിയ നദി
നദിയിൽ കുമിഞ്ഞു കൂടുന്ന ഉപ്പ് …

കോട്ടകൾക്കുള്ളിൽ നിന്നും അധിപർ പറയുന്നു,
“ഭയപ്പെടാതെ ഒരുമിച്ച് നേരിടുക.”
പക്ഷെ പശിക്ക് പാങ്ങ് തേടുന്നവന്റെ ഉള്ളിൽ ഒടുങ്ങാത്ത ഭീതി.
എപ്പോ, എങ്ങനെ, എവിടെ ചിതറിത്തെറിക്കും ?
കാത്തിരിപ്പിന് തണലേകിയവൻ തിരികെ വീട്ടിൽ എത്തുമോ?

വഴി വിട്ട ചിന്തകളിൽ വഴി വിട്ട വേഗം,
ചതഞ്ഞരഞ്ഞത് പ്രാണൻ.
വെടിയുണ്ടകളുടെ കണ്ണുകളിൽ അന്ധത
കണ്ണുകളിലെ തെളിച്ചം മങ്ങിയ കുട്ടി ഉള്ളിലെ തിളക്കം തേടുന്നു.

മണ്ണെണ്ണ വിളക്കിനും നിലവിളക്കിനും ഇടയിലുള്ള വെളിച്ചം വറ്റിപ്പോയിരിക്കുന്നു.
ഇരുട്ട് നമ്മൾ മെഴുതിരി നാളം കൊണ്ട് അടയ്ക്കുന്നു.
എന്നാണ് ഇരുളിന്റെ ഓട്ടകളിൽ നമ്മൾ നിലാവിന്റെ വെട്ടം നിറയ്ക്കുക ?

ചരിത്രം അറിവൊഴിഞ്ഞ പഴമൊഴികളുടെ എല്ലിൻ കൂമ്പാരമാവണം
കാരണം വഴിയിൽ അയൽക്കാരന്റെ പുഴുക്കുത്തേറ്റ ജഡം
മണ്ണിനോട് പറയുന്നു “നിന്റെ സ്നേഹം എനിക്ക് വേണ്ട ”

വിയർപ്പിനും കണ്ണുനീരിനും ഇടയിലെ മൗനം എന്നും ഉള്ളിലെ ഉപ്പിലെ നനവ് …

കാലം കടന്നു പോകുന്നു.
നാളെ നനുത്ത മഴയ്ക്കും…നനുനനുത്ത മഞ്ഞിനും,,
ഇന്നലകളുടെ കഥകൾ പറയാനുണ്ടാവും.
അത് കരിഞ്ഞ മാംസക്കഷണങ്ങളുടെ ചരിതങ്ങൾ ആവാതിരിക്കണമെങ്കിൽ,
പഴഞ്ചൊല്ലുകളിൽ മണമുള്ള മൊട്ടുകൾ പൂവുകൾ തേടണം.
ഒഴിഞ്ഞ മുറ്റങ്ങളിൽ മണമേറും മുല്ലപ്പൂവുകൾ വിരിയണം.

അതിന്
നമുക്ക് ഇന്നിന്റെ ഇരുളിന്റെ ഓട്ടകളിൽ നിലാവിന്റെ വെട്ടം നിറയ്ക്കാം.

“When rain drops have rainbows”

I came to the United Kingdom in 1998. Finished the PLAB (the Professional and Linguistic Assessments Board) test like most medics who come to UK and applied for senior house officer job in three places- London, Wales and Leeds. I was called for interview at London and Wales and was offered job in both places. I did not get a call for interview from Leeds. I had always wanted to join Leeds as some of the big names in psychiatry- Like Prof Andrew Sims, Prof Mindham, Dr Tony Zigmond-all worked there. I thought , maybe it was not meant to happen that way and joined Wales in August 1998. On the third day after I joined, I received an interview letter from Leeds. I was ecstatic and told my consultant about the interview. My consultant was supportive and said, “You should go for the interview…and if you get the job, do think that this trust will have to fill your vacancy…and that means more expense for the hospital…” I took that on board, but decided to attend the interview which was on a Monday.

At that time I had only limited money with me. After getting the train ticket to travel from Cardiff to Leeds (about 220 miles north), and back, I was only left with about 70 pounds in my bank. I booked a hotel room at Leeds for £29, which was the cheapest there at that time. I had to pay that only when I checked in to the hotel. My friends in the hospital told me “carry only £10 with you…you can get the money from the ATM (we call it here hole in the wall), when you reach Leeds”. That left me with a total fund of £60, which was enough for me to pay for the hotel room.

It was a Sunday, cold and windy, even though it was still summer. My journey, alone…not anxious…but bewildered to some extent, by the life I was seeing in the train and outside. Beyond the window the greenery and the rain made me long for the distant home I left a few months ago. In the train even the cleanliness appeared strange. The scenery outside moved backwards, and life moved forwards in the train. I spent about £4 + for food and coffee.

When I reached Leeds, I had £5+ in my pocket. The lights were fading, in the sky and streetlights had started to glow. Leeds is a northern city, in West Yorkshire, so slightly colder than the south. It was also raining. I went to an ATM and tried to get some money out. It did not work. I tried a few different ones and nothing worked. It dawned on me that there was some problem with the card and I only had one account.

I started to sweat. An opportunity for a job which I would love to have was virtually fading in front of me. I decided to try my luck once more, with a thought “if it does not work this time…I will go to Leeds railway station…sit and think…if I find a solution then I will stay back…if not I will go back to Wales…at least I have a job…I will just think this is not meant to be.”

That ATM also did not work. Rain was not heavy, but wind was very chilly. I looked at the bank card and turned around. I saw a young girl behind me. She looked like an Indian or Pakistani. She asked me “Are you OK ?”. I said “no” and explained what had happened. She said she will try the ATM’s for me. I gave her my card and pin number (naivety…but that was what I did). The card still did not work. I thanked her for the help and started to walk towards the railway station. Then from behind she called me and asked “How much money do you need to survive this night ?” I told her “£29.00.” She turned around and got 30 pounds out of the ATM using her card and gave it to me. I was speechless and could not believe what she did. Then slowly words rolled out from my mouth. I asked her “Why do you believe me?.” With a smile she said , “It is cold… it is windy…and you are sweating…more over …you seem to be a simple person…because you gave me your card and pin number.” I did not know what to say. I thought the street lights were blurring. Then I realised, it was actually my eyes welling up. I thanked her, got her phone number, took the money and got a bus to the hotel.

Next morning I went for the interview and the interview panel offered me the Job. They asked me to join the training scheme in a week’s time. Then I remembered what my consultant in Wales told me. I said “I am very privileged to have got this…it is a dream…but the trust where I work will have to find a new doctor to fill the vacancy…i feel i will cause some problems for them…i am not sure…whether I can join in two weeks or not”. There was a silence. The chair of the interview board asked me to wait, outside. After a few minutes which seemed to go on forever the chair of the panel called me in to tell me that they were going to hold the post for me until the beginning of the next rotation, that is beginning of February, coming year. This would give sufficient time for the current hospital where I was working to arrange a replacement for me. On my way out, one of the members of the interview panel came to the door to let me out and said “I respect your integrity.” I wanted to say, “I thank my father.”

After the interview, I phoned the girl who gave me £30. I got the money from the bank, got some chocolates and gave her both. She was actually from Indonesia, and was doing a degree in finance at Leeds university. She was leaving Leeds for good to Jakarta two days from then. I can still remember her name, but what is in a name. She was from Bali, of Indian origin.

She slowly walked away from the railway station, on to the street and merged into the chaos of the metropolis.

I told this story to my late father when I was back in India on a holiday . He said, “I am sure it was Goddess Mankompil amma”. For him everything that were unexplainable that happened in life were decided by Mankompil devi.

I can still vividly remember that day…and that tall girl with curly short hair…who helped me for no reason, I can think of.

Why did that girl on that day decide to help a person who she had never met, who she was unlikely to meet anytime in her life?. Would she have done the same for someone else in a similar situation on a different day?. Why did the debit card from a reputable bank in UK stop working that evening?. Was it because, the unknown wanted to humble me and make me aware of my interconnect with the life around? Or was it because in the grand scheme of the universe, it was meant to be that way and make me realise that even a minute spec like me, has a place in this vastness.? Who was that girl?. Was she the providence or just another human being on the street ?. Was my helplessness meant to give a meaning for her existence, at least for that moment?.

All these questions, are they relevant ?.

I know that life is not a bundle of questions followed by sequential answers.

I felt on that day…and I still think…human values…will continue…in some shape or form…with all its glory…compassion…and warmth.

I hope that girl from Indonesia is happily leading her life, somewhere in this world.

Life becomes magical when rain drops have rainbows in it…

And I experienced that magic in Leeds many years ago…

Now Leeds is my home town.

നിഴലുകൾ

Tags

, ,

പൂഴിയിലൂറിയ അക്ഷരങ്ങളുടെ വക്കുകൾ മാഞ്ഞിരുന്നു
പൊട്ടിയ സ്ലേറ്റുകളിൽ ഉയിർത്ത വാക്കുകളിൽ നിറം മങ്ങിയ ജീവൻ.
ദ്രവിച്ച എഴുത്തോലയിൽ ആശാൻ കോറിയ ഹരിശ്രീയിലെ,
ശ്രീ, നാരായത്തുമ്പ് തേടി അലയുന്നു

പൊടിമണലും, അരിമണികളും, എഴുത്തോലയും പറയുന്നു
ഇത്ര വേണ്ടിയിരുന്നോ ?

വഴികളിൽ…വഴിയോരങ്ങളിൽ പൊന്തുന്ന
സങ്കര പുഷ്പ്പങ്ങൾക്ക്, കുരുക്കുറ്റി മുല്ലയുടെ നിറവും മണവും അന്യം
ഇനി തുമ്പയും, ചെത്തിയും, കണിക്കൊന്നയും വഴിമാറി
നിണം ചാർത്തി നിൽക്കട്ടെ.

സൗധങ്ങളിലെ നിറങ്ങൾക്ക്, കൂട്ടിലടയ്ക്കപ്പെട്ട കിളിമൊഴികളെ,
ജരാനരകളുടെ സഞ്ചിതവിജ്ഞാനത്തേക്കാൾ പ്രിയം.
പഴയ പാണൻറെ ഈണങ്ങൾ, മുത്തശ്ശിക്കഥകൾ,
അരുക് പോയ ഇരട്ടവാലൻ കരണ്ട ഓർമ്മകൾ.

അക്ഷരങ്ങൾ പൊരിവെയിലിൽ തളരുന്നു…
വാക്കുകൾ തണൽ തേടുന്നു.
നമുക്ക് എഴുത്തോലകൾ വെട്ടി വാക്കുകൾക്ക് തണലുകൾ ഉണ്ടാക്കാം…

എപ്പോഴാണ്, നമ്മുടെ നിഴലുകൾ നമുക്ക് തണലാവുക ?
എവിടെയാണ് അർത്ഥങ്ങളുടെ കാക്കത്തണ്ടുകൾ ?

ഇനി അക്ഷരങ്ങളുടെ
വേനൽ വറുതിയെ ഘോഷിക്കട്ടെ
വാക്കുകളുടെ വൃഷ്ടി ഉരുൾ പൊട്ടലിനെയും

എങ്കിലും എൻറെ ഉള്ളിലെ തണലിൽ
ആശാൻ കൊറിയ അക്ഷരങ്ങൾ ഭദ്രം
കാരണം ആ തണൽ,
ശലഭങ്ങളേയും, പുഷ്പങ്ങളേയും പുൽകുന്നു.
നിഴലുകളും മഷിത്തണ്ടുകളും ഇഷ്ടപ്പെടുന്നു.

വിരൽത്തുമ്പിലെ അറിവുകൾ ഇപ്പോഴും നാരായത്തുമ്പിലെ വാക്കുകൾ
എന്നും എൻറെ നിഴലുകൾ എന്റെ വാക്കുകൾക്ക് തണൽ പാകുന്നു