Tags
കണ്ണുകൾ തുറക്കുമ്പോൾ അഗ്നി … പേശികളും , അസ്ഥികളും നുറുങ്ങും പോലെ…പാതി ബോധത്തിൽ ഞരക്കം
പനി …
മുറിയിൽ ഇരുട്ടിൻ സാന്ത്വനം
“വെറും പനിയാന്നെ …പേടിക്കേണ്ട…”
ചുണ്ടിൽ വളരുന്ന വരണ്ട ചിരി കണ്ടിട്ടാവാം , ജന്മാന്തര യാത്രകളുടെ തുടർച്ചയിൽ ഒപ്പം കൂട്ടിയ പ്രണയം പറഞ്ഞു
“നിങ്ങൾക്ക് ഇതൊന്നും പേടിയല്ല എന്നറിയാം …”
ഒടുവിൽ നിശബ്ദതയുടെ ആത്മഗതം
“എന്റെ ഭീതികൾ …അതിന് ആശ്വാസം തേടിയതാ “
തലമുടിയിഴകളിൽ നനുത്ത വിരൽ സ്പർശം … നെറ്റിയിൽ നിശ്വാസം വിതുമ്പുയോ ?
പണ്ടൊരു ഒക്ടോബർ മുപ്പത്തിഒന്നിന് … എരിഞ്ഞമർന്ന പ്രാണൻ… ഓർമ്മകളുടെ സ്വാദും , മണവും സമുദ്രത്തിന്റെ ഉള്ളറ തേടി
അവിടെ , സുകൃതങ്ങളുടെ കാത്തിരുപ്പ് …
ആരുടെ സുകൃതങ്ങൾ ?
എള്ളിൻമണികളിലും , ചെറൂളയിലും , ദര്ഭയിലും കുരുങ്ങി , പുണ്യപാപങ്ങൾ
ആരുടെ സുകൃതങ്ങൾ ?
” മനസ്സിലാവാത്തത് ടെസ്റ്റ് നെഗറ്റീവ് ആയിട്ടും , പനിക്കും , തല വേദനയ്ക്കും ഒട്ടും കുറവില്ലല്ലോ എന്നാണ് …”
പാതി മയക്കത്തിൽ നിന്നും പാതി അബോധാവസ്ഥയിലേക്ക്
“നല്ല പനി … കുരുമുളകിട്ട കരിപ്പെട്ടി കാപ്പി ഇപ്പൊ കൊണ്ടുവരാം … മുഴുവൻ കുടിക്കണം …”
അകലുന്ന കാലടികൾ
മറയുന്ന ബോധങ്ങൾക്കപ്പുറം സമുദ്രത്തിൽ നിന്നും ഉയർന്ന് നനുത്ത കൈവിരലുകൾ … നടന്നടുക്കുന്ന നിഴലിന് ജന്മം തന്നവളുടെ രൂപം … ഒരിക്കലും മറക്കാനാവാത്ത പുഞ്ചിരി … ആ വലിയ സിന്ദൂര പൊട്ട് …
വലതു കൈയ്യിലെ സ്റ്റീൽ മോന്തയിൽ കുരുമുളക് കാപ്പി …
“എടാ , നീ ഈ കുരുമുളക് കാപ്പി കുടിക്ക് …”
അടുത്തിരുന്നു ചുണ്ടിനോടടുപ്പിച്ച് പാത്രത്തിൽ ഹോമ ദ്രവ്യം
ഞരക്കത്തിൽ ചിതറി വീഴുന്ന തളർന്ന വാക്കുകൾ
‘അയ്യോ വേണ്ട , വല്ലാത്ത എരുവ് …”
മൗനം കലർന്ന പുഞ്ചിരിയിൽ വാക്കുകൾ, “അത് നീ പണ്ടേ അങ്ങനെ അല്ലെ… നീ അത് കഴിക്കും വരെ ഞാൻ ഇവിടെ …”
വിറയാർന്ന ചുണ്ടുകളിൽ ഇറ്റിറ്റു വീഴും ജലം … പൊള്ളുന്ന സാന്ത്വനം
മൂർദ്ധാവിൽ തണുത്ത നിശ്വാസം …നരകയറിയ തലമുടിയിഴകളിൽ തണുപ്പ്
ഓർമ്മകളും, ബോധവും , പുണ്യ പാപങ്ങളുടെ തിരകൾ എണ്ണുമ്പോൾ മറുകരയിൽ നിന്നൊരു ചോദ്യം …
“നിന്റെ അച്ഛനും നിനക്കൊപ്പം, അത് നീ അറിയുന്നുണ്ടോ ?”
പിന്നെ കണ്മുന്നിൽ നിറങ്ങൾ, വിരലുകളിൽ തൂങ്ങി ഒരു കുട്ടി.
അവന്റെ കണ്ണുകളിലെ കൗതുകങ്ങൾ ,മഴവില്ലുകൾ പോലെ നാവിൽ സ്വാദുകൾ, എതിർപ്പുകൾ , പടയണിയും , കാവും , ഗരുഡൻ പറവകളും ആ കൊച്ചു കുട്ടിയുടെ കൈകൾ വിട്ടു പറന്നകലുന്നത് അവർ അറിഞ്ഞു…
“എടാ , നിനക്ക് നിന്റെ ചിന്തകൾ … അത് അങ്ങനെ തന്നെ ആയിക്കോട്ടെ …”
പൊള്ളുന്ന ചൂടിൽ , ശരീരം വേവുന്നു … ഞരക്കത്തിൽ മുഖങ്ങൾ …
ശരീരം ആറിത്തണുക്കുന്നു
കണ്ണുകൾ തുറക്കുമ്പോൾ … മങ്ങിയ രൂപം …സമുദ്രം , തിരമാലകൾ , മോക്ഷം , ചുവന്ന പൊട്ട് … മാഞ്ഞു പോയ വിഭ്രാന്തി
അടുത്ത് ഇരുന്ന് തലമുടിയിഴകളിൽ കൈയ്യോടിച്ച് ഒപ്പം നിന്നവൾ
“നല്ല പോലെ വിയർത്തിരിക്കുന്നു … ഞാൻ പറഞ്ഞില്ലേ കുരുമുളക് കാപ്പി നല്ലത് എന്ന് … ഇനി കുറച്ചു കഴിഞ്ഞ് കൊണ്ടുവരാം “
മൂർദ്ധാവിൽ നിശ്വാസത്തിന് പൊള്ളുന്ന ജീവൻ …