Tags

,

1

തണുത്ത കാറ്റിനൊപ്പം നിന്റെ പേര് പറന്ന് നടക്കുന്നുണ്ടായിരുന്നു
അപ്പൂപ്പൻ താടി പോലെ.
പിന്നെപ്പോഴോ അത് നനുത്ത മഞ്ഞിൽ പൂഴ്ന്ന് കിടന്നു.
മരവിച്ച മണ്ണിൽ നിന്റെ
ജഡം ഇലകളോടും പാറകളോടും പറ്റിക്കിടന്നിരുന്നു.
നിന്റെ കുഞ്ഞി കൈകൾ ഒടിഞ്ഞു മടങ്ങിയിരുന്നു.
കുട്ടിപ്പാവാടയിൽ ഉണങ്ങി വരണ്ട നിണം.

ആരോ കടിച്ചു മുറിച്ച നിന്റെ ചുണ്ടുകൾ
നീ വളർന്ന മണ്ണിനോട്
എന്തോ ഒന്ന് പറഞ്ഞുവോ ?
അല്ലെങ്കിൽ എന്താവാം നിന്റെ ഓർമ്മകൾ,
നിന്നോട് പറഞ്ഞത് ?
നീ കണ്ട അശ്വ രൂപങ്ങളെക്കുറിച്ച് ?
നീ കേട്ട കുളന്പടികളെക്കുറിച്ച് ?
നിന്റെ ഭീതിയെക്കുറിച്ച് ?
നിന്റെ ഭയമില്ലായ്‌മയെക്കുറിച്ച് ?
അതോ
നിന്റെ കൂട്ടത്തിന്റെ നിറങ്ങളെക്കുറിച്ചോ?
നാടോടിക്കൂട്ടത്തിന്റെ നിറമില്ലാ
സ്വപ്നങ്ങളെക്കുറിച്ചോ ?

2

വെളിയിൽ മഞ്ഞ് പെയ്തിറങ്ങുന്നതിനൊപ്പം,
ഒരു ഇരുണ്ട മുറി തണുത്ത വിറക്കുന്നുണ്ടായിരുന്നു.
അവിടെ
നിറം മങ്ങിയ മഞ്ഞ വെട്ടം പോലെ
ഒരെട്ടുവയസ്സുകാരി.
മയക്കം ഞെട്ടുന്പോൾ മുന്നിൽ തെളിയുന്ന ദംഷ്ട്രങ്ങളോട്
പറയാൻ ശ്രമിച്ചിട്ടുണ്ടാവണം
“നിങ്ങടെ കുതിരക്കുട്ടികൾക്ക് ഞാൻ തുണ,
എന്നെ പിച്ചിച്ചീന്താതെ വിട്ടൂടെ ?”

അല്ലെങ്കിൽ അവൾക്ക് എങ്ങനെ അറിയാം
അവളോട് അവർ ചെയുന്നത് എന്തെന്ന് ?
അവളുടെ അന്നുവരെയുള്ള അറിവുകളിൽ
അങ്ങനെ ഒന്ന് ഉണ്ടോ ?

3

ആ ഒടുക്കം കുതിരകളെത്തേടിയുള്ള,
ഒരു കുഞ്ഞിന്റെ യാത്രയുടെ ഒടുക്കം
ആയിരുന്നത്രേ.
പക്ഷെ വഴിതെറ്റിയ കുതിരകൾക്ക് വഴി വിളക്കാവാൻ അവൾക്ക്
എങ്ങനെ കഴിയും ?

അവളുടെ കൂട്ടത്തിന്
ആട്ടിൻ പറ്റങ്ങളുടെ മണം,
മണ്ണിന്റെ നിറം.
അവരുടെ ജന്മങ്ങൾ നാട്ടുവഴികളിൽ
അലയുന്പോൾ,
അൽപ്പം മാറി, അവരുടെ കീറിയ വസ്ത്രങ്ങളിൽ
ചിലർ അവിശ്വാസത്തിന്റെ നിറം തുന്നിക്കിച്ചേർക്കുന്നതിന്റെ തിരക്കിലായിരുന്നു,

ആരാണ്
എന്നാണ്
എങ്ങനെയാണ്
ഒരെട്ടുവയസ്സുകാരിയുടെ
എട്ടും പൊട്ടും തിരിയാത്ത നിഷ്കളങ്കതയിൽ
നാളയുടെ ഭീകരത കണ്ടത് ?

4

മന്ത്ര ധ്വനികളും, മണി മുഴക്കങ്ങളും
ആ ഇരുണ്ട കൽത്തളത്തിന്റെ
തണുത്ത തറയിൽ
ഒട്ടിപ്പിടിച്ചിരുന്നു.
ചോര പുരണ്ട നിഷ്ക്കളങ്കതക്കൊപ്പം
രണ്ട് വിളക്കുകൾക്ക്
പ്രകാശം നഷ്ടപ്പെട്ടു.
അവിടെ ഉടച്ചുതീർത്ത നാളീകേരങ്ങൾക്കൊപ്പം
ഉടഞ്ഞു തീര്ന്നത്
ആരോരും ഇല്ലാത്തവരുടെ വിശ്വാസങ്ങൾ.

ഇരുണ്ട മുറിയുടെ മൂലയിൽ
നിങ്ങൾ ശിലയുടെ ശിരസ്സിൽ തീർത്ഥം
പകരുന്പോൾ
ഒഴുകിയിറങ്ങുന്ന നനവിലെ നോവ്
ശിലയുടെ നെഞ്ചോട് പറഞ്ഞിരിക്കണം
“എനിക്ക് ഒരു നൊന്പരമുണ്ട്, ഒന്നറിയുക
നിന്നിലെ കരിങ്കല്ലിന് ഒന്ന് കരയുകയെങ്കിലും ചെയ്യാമായിരുന്നു”.

5

ഇവിടെ നിനക്ക് വേണ്ടി മെഴുതിരി തെളിയിക്കുന്ന തിരക്കിൽ
ഞങ്ങൾ നിന്നെ മറക്കും
കാരണം
ഞങ്ങൾ ചടങ്ങുകളിൽ മാത്രം വിശ്വസിക്കുന്നു.
ആയിരം കൊല്ലങ്ങൾ കൊണ്ട്
ആയിരം മെഴുകുതിരികൾ.

അത്രതന്നെ

പക്ഷെ
അപ്പൂപ്പൻ താടികൾക്കൊപ്പം കാറ്റത്ത് പറന്നു പോയ,
നിന്റെ പേരെന്തെന്ന് ചോദിക്കുന്നവർ അറിയണം
നിന്റെ പേര് എന്റെ മകളുടെ പേര്
ഞങ്ങളുടെ മകളുടെ പേര്

“ആസിഫ ബാനോ“