Tags

,

ഏതാണ്ട് 21 വർഷങ്ങൾക്ക് മുമ്പ് നാട് വിടുമ്പോൾ ഒപ്പം ആകാംഷയും. നഷ്ടപ്പെടുന്നത് എന്ത് എന്ന അറിയാത്ത അവസ്ഥയും. യാത്ര അയക്കാൻ എയർപോർട്ടിൽ വന്ന ആൾക്കൂട്ടത്തിന്റെ കണ്ണുകളിൽ ചെറുപ്പം. വാർദ്ധക്യം പലരുടേം തലമുടികളിൽ വെള്ളയായി പൊടിക്കൂന്നൂ എന്നത് മാത്രം…

ഓരോ തിരിച്ചു വരവിലും അതേ ആൾക്കൂട്ടം കാത്ത്, അലപം കൂടി നരച്ച മുടിയിഴകൾ തലോടി…ആകാംഷയോടെ.

പിന്നെ ഓരോ തിരികെ പോക്കിലും, ഭാണ്ഡത്തിൽ ഗൃഹാതുരത്വങ്ങൾ…തൊട്ടാവാടികളും …എഴുംപുല്ലുകളും…അച്ചാറ് കുപ്പികളും…

ഇപ്പൊഴൊക്കെ കാത്തു നിന്നിരുന്ന “crowd iട Shrinking, greying.” അവരുടെ
ശോഷിച്ച ചിരികളിൽ വിടവ്…

ഒരു അവധിക്ക് ശേഷം തിരികെ കൊണ്ടുവരൂന്ന ചുമടുകളിൽ, മുറുക്കുകൾക്കും, മസാലപ്പൊടികൾക്കും, അച്ചാറുകൾക്കും ഇടയിൽ, ഇപ്പൊ ചില നിശ്വാസങ്ങൾ, ഗദ്ഗദ്ദങ്ങൾ, വേച്ചുപോകുന്ന ചുവടുകൾ, കാഴ്‌ചക്കുറവുകൾ, ഓർമ്മപ്പിശകുകൾ…കൊഴിഞ്ഞുപോയ മുടിയിഴകൾ.

യാത്രകളുടെ അർത്ഥം തേടലുകളിലെ ശരിതെറ്റുകളുടെ അസ്വസ്ഥത…

ഗൃഹാതുരത്വങ്ങൾ മറ്റെന്തോ ആവുന്ന നിമിഷങ്ങുടെ എണ്ണം കൂടുന്നു…

കുറച്ച് വർഷങ്ങൾക്ക് മുമ്പ്…അമ്മ മരിക്കും മുമ്പ് … പറഞ്ഞു , “എടാ നിനക്ക് 50 കഴിഞ്ഞു “… അവരുടെ കണ്ണുകളിൽ അവരറിയാതെ എന്നോ പിച്ചവെച്ച ആ പ്രായം വളർന്ന്‌…അവരുടെ കൈ വിരലുകളിലെ പിടി വിട്ട്, കൈകളിലെ ചുളിവുകൾക്കൊപ്പം ചേരുന്നത്, അത്ഭുതവും, നിസ്സഹയതായും ചേർന്ന് അവരുടെ അറിവാവുന്നത് ഞാൻ അറിഞ്ഞു …

ഇനി ഒരോ നാളകളിൽ തിരികെ വരുമ്പോഴും…പിന്നെ തിരികെ പോകുമ്പോഴും എയർപോർട്ടിൽ കാത്തു നിൽക്കാനും യാത്ര പറയാനും വരുന്ന ആൾക്കൂട്ടം വീണ്ടും ചെറുതാവാം …അല്ലെങ്കിൽ അത് ഒരു പ്രീപേയ്‌ഡ്‌ ടാക്സിക്കാരനാവാം…ഉബറിന്റെ ഇരന്പലും ആവാം എന്നതും അറിവ്…

യാത്രകൾ ഒടുങ്ങാറില്ല എന്നത് സത്യവും…